Pravasimalayaly

ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു, വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തം ഏല്‍പ്പിച്ച രാഹുലിന് നന്ദി: ഉമ്മന്‍ചാണ്ടി

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്.ദിഗ് വിജയ് സിങായിരുന്നു ആന്ധ്രയുടെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് ഉമ്മന്‍ചാണ്ടിയെ നിയമിച്ചിരിക്കുന്നത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്ന് സി.പി. ജോഷിയെ മാറ്റി പകരം ഗൗരവ് ഗൊഗോയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനദൗത്യം ഏല്‍പ്പിച്ചതിന് രാഹുല്‍ഗാന്ധിയോട് നന്ദി പറഞ്ഞ് ഉമ്മന്‍ചാണ്ടി. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണിത്. ആര്‍ക്കും അതൃപ്തിയില്ല. ഏല്‍പ്പിച്ച ഉത്തരവാദിത്തത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തും. ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും കേരളത്തില്‍ പ്രവര്‍ത്തനം തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പുതിയ ചുമതല വിവാദമാക്കേണ്ടതില്ല. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള അധ്യക്ഷന്റെ തീരുമാനമാണ് ഇതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പിനു പിന്നാലെയാണ് നേതൃസ്ഥാനത്ത് ഒരുപിടി മാറ്റങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്ന് സി.പി. ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല. ഇരുവരും ഉടന്‍ തന്നെ ചുമതലയേല്‍ക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.

Exit mobile version