Pravasimalayaly

ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് പി ജെ കുര്യന്‍, ഉണ്ടെന്ന് എ ഗ്രൂപ്പ്; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ചെന്നിത്തല

 

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നല്‍കിയ നടപടിയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി നിര്‍ണ്ണായക തീരുമാനം എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.

അതേസമയം ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയകാര്യ സമിതിയില്‍ പി.ജെ കുര്യന്‍ കടന്നാക്രമിച്ചു. ദില്ലിയില്‍ ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയെ എന്തിനാണ് വിളിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കെങ്കില്‍ വിളിക്കേണ്ടത് വേണുഗോപാലിനെയെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

എന്നാല്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച പി.ജെ കുര്യനെ പ്രതിരോധിച്ച് എ. ഗ്രൂപ്പ് രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. ഉമ്മന്‍ ചാണ്ടി വഴിയില്‍ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി എന്നത് ഓര്‍ക്കണമെന്ന് പി.സി വിഷ്ണുനാഥും യോഗത്തില്‍ വ്യക്തമാക്കി.

ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല. താന്‍ കൂടി പങ്കെടുക്കണമെങ്കില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റിവെക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീട്ടിവെക്കുന്നത് പ്രശ്നമാകുമെന്നതിനാലാണ് ഇന്ന് തന്നെ യോഗം ചേരുന്നതെന്ന് കെപിസിസി നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍, രാജ്യസഭാ സീറ്റ് കൈമാറാന്‍ തീരുമാനിച്ചത് മൂന്നുപേരും ചേര്‍ന്നാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ തെളിവ് നല്‍കാമെന്നും പി.ജെ കുര്യന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. ഗൂഢാലോചന എ.ഐ.സി.സി അന്വേഷിക്കണമെന്നും എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version