കട്ടിപ്പാറ: ഒരു നാടിനെ മുഴുവന്‍ കണ്ണീര്‍പ്പേമാരിയിലാഴ്ത്തിയ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരും. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയത്.ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റിയും പാറകള്‍ പൊട്ടിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
ഉരുല്‍പൊട്ടലില്‍ മരിച്ച കരിഞ്ചോല ഹസന്റെ കൊച്ചുമകള്‍ ഒന്നരവയസുകാരി റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഹസന്റെ വീടു നിന്ന ഭാഗത്ത് ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിലാണു റിഫയുടെ മൃതദേഹം കണ്ടെത്തിയത്.റിഫയുടെ സഹോദരിയും മാതാവുമടക്കം ആറുപേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല.
മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.ചെങ്കുത്തായ കുന്നിന്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നു. കൂടുതലാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്.
കരിഞ്ചോലമലയുടെ ചെരിവിലുള്ള അഞ്ചു വീടുകളില്‍ കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദുല്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ദിവസംമുഴുവന്‍ നീണ്ട കനത്ത മഴയ്ക്കൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മലയുടെ വടക്കു ഭാഗത്താണ് ആദ്യം ഉരുള്‍പൊട്ടിയത്.
12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
കരിഞ്ചോല മലമുകളില്‍ സ്വകാര്യവ്യക്തിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ തടയണയും ജലസംഭരണിയും തകര്‍ന്നതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായി പരാതിയുണ്ട്.