ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മ്മാണം അന്വേഷിക്കും; പഞ്ചായത്തിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ജില്ലാ കലക്ടര്‍

0
33

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മ്മാണം അന്വേഷിക്കും. പഞ്ചായത്തിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്ന ഇത്തരം സംഘങ്ങള്‍ പ്രദേശത്ത് വന്‍തോതിലാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിക്കുന്നു.

ക്വാറി, മണല്‍ഖനനം ഇങ്ങനെ പല വിധമാണ് കരിഞ്ചോലമലയിലെ പ്രകൃതി ചൂഷണം. പുറത്ത് നിന്നുള്ള ആളുകള്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് ഇവിടെ വാങ്ങിക്കൂട്ടുന്നത്. സ്ഥലത്തിന് താരതമ്യേനെയുള്ള വിലക്കുറവാണ് വന്‍കിടക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പഞ്ചായത്തിന്റെ അനുമതി പോലും തേടാറില്ല. എതിര്‍ക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള തന്ത്രവും ഇവര്‍ക്കറിയാം.

നിയമംലംഘിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മേല്‍ പഞ്ചായത്ത് കണ്ണടക്കുന്നുണ്ടോയെന്നാണ് പ്രദേശവാസികളുടെ സംശയം. എന്നാല്‍ കരിഞ്ചോലമലയിലെ അനധികൃത തടയണ നിര്‍മ്മാണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. താമരശേരി താലൂക്കിലെ ദുരന്ത സാധ്യതാ മേഖലയില്‍ കട്ടിപ്പാറ പഞ്ചായത്തിലെ ഈ പ്രദേശങ്ങളും പെടും. ഇത്തരം പ്രദേശങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം കെട്ടി നിര്‍ത്താന്‍ പാടില്ലെന്ന പ്രധാന നിര്‍ദ്ദേശം തന്നെയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

Leave a Reply