എംഎല്‍എമാര്‍ പത്രക്കാരെ ബാറ്റുകൊണ്ട് അടിച്ചോടിച്ചു; സംഭവം തിരുവനന്തപുരത്ത്

0
32

തിരുവനന്തപുരം: വേള്‍ഡ് കപ്പ് ക്രിക്കറ്റ് ആവേശം ഏറ്റുവാങ്ങി നിയമസഭാ സാമാജികരും തലസ്ഥാന മാദ്ധ്യമ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ എം.എല്‍.എമാര്‍ പത്രക്കാരെ അടിച്ചോടിച്ചു മിന്നും ജയം സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ആര്‍.രാജേഷ് എം.എല്‍.എയുടെ വെടിക്കെട്ട് ബാറ്റിംഗാണ് സ്പീക്കേഴ്സ് ഇലവനെ വിജയികളാക്കിയത്. രാജേഷ് പുറത്താകാതെ 25 പന്തില്‍ നിന്നും 35 റണ്‍ നേടി. രാജേഷാണ് കളിയിലെ കേമന്‍. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി സാമാജികരുടെ ടീമില്‍ വനിതാ പ്രാതിനിധ്യം ഉണ്ടായി. യു പ്രതിഭയാണ് സ്പീക്കേഴ്സ് ഇലവന് വേണ്ടി കളിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കായിക മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ ക്യാപ്റ്റനായ ടീമില്‍ യു പ്രതിഭ, രാജു എബ്രഹാം, ടി വി രാജേഷ്, പാറയ്ക്കല്‍ അബ്ദുളള, കെ ബാബു, വി. ടി ഇബ്രാഹീം, ചിറ്റയം ഗോപകുമാര്‍, ഐ. ബി സതീഷ്, എല്‍ദോ എബ്രഹാം എന്നീ സാമാജികരായിരുന്നു അംഗങ്ങള്‍. ടോസ് നേടിയ മീഡിയ ഇലവന്‍ നിശ്ചിത പത്തോവറില്‍ 66 റണ്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ എം.എല്‍.എമാര്‍ക്കു വേണ്ടി ഐ.ബി.സതീഷ് മികച്ച തുടക്കം നല്‍കി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിജയികള്‍ക്കുളള സമ്മാനം വിതരണം ചെയ്തു. രണ്ട് ക്യാച്ച് നേടിയ എല്‍ദോ എബ്രഹാം മികച്ച ഫീല്‍ഡര്‍ക്കുള്ള സമ്മാനം സ്വന്തമാക്കി. ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബു സ്വാഗതവും ജോഃ സെക്രട്ടറി ബി അഭിജിത് നന്ദിയും പറഞ്ഞു.

Leave a Reply