തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവർഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നൽകുന്നത്. ബില്ലിൽ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നൽകുന്നത്.
മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി. 39,500 രൂപയില്‍നിന്ന് എഴുപതിനായിരം രൂപയായാണ് എംഎൽഎമാരുടെ ശമ്പളം വര്‍ധിക്കുന്നത്. കൂടാതെ മണ്ഡലം അലവന്‍സായി 25000 രൂപയും ലഭിക്കും. കുറഞ്ഞത് ഇരുപതിനായിരം രൂപ ബാറ്റയും മാസാമാസം എഴുതിയെടുക്കാം.
ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55000ല്‍ നിന്ന് 90000 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വര്‍ധിപ്പിച്ചത് വഴി ഒരുമാസം സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യതയാണ് ഉണ്ടാവുന്നത്.