Pravasimalayaly

‘എം.വി.ഗോവിന്ദൻ ക്രൈസ്തവരെ അവഹേളിച്ചു’: മാപ്പുപറയണമെന്ന് ഇരിങ്ങാലക്കുട രൂപത

ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച എം.വി.ഗോവിന്ദൻ മാപ്പുപറഞ്ഞു പരാമർശം പിൻവലിക്കണമെന്നു പാസ്റ്ററൽ കൗൺസിൽ പുറത്തിറക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

‘സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് എം.വി.ഗോവിന്ദൻ ആശങ്കപ്പെടേണ്ടത്. ഭരണരംഗത്തെ പരാജയങ്ങൾ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചതു പൊതുസമൂഹം തിരിച്ചറിഞ്ഞു.’ ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. 

മണിപ്പുരിൽ കലാപത്തിനു ശാശ്വത പരിഹാരം തേടാൻ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും മറ്റൊരു പ്രമേയത്തിൽ യോഗം അപലപിച്ചു. ”മണിപ്പുരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്ന നിസ്സംഗത വേദനാജനകമാണ്. വംശീയതയുടെ മൂടുപടമിട്ട ക്രൈസ്തവ വേട്ടയാണ് അവിടെ നടക്കുന്നത്. മണിപ്പുരിലെ ഗോത്രജനതയുടെ വേദന ക്രൈസ്തവ സമൂഹത്തിന്റെ മുഴുവൻ വേദനയാണ്. ഈ വികാരം ഉൾക്കൊണ്ടാണു ജൂലൈ ഒന്നിനു ചാലക്കുടിയിൽ 16 കിലോമീറ്റർ നീളത്തിൽ 30,000 ത്തോളം വിശ്വാസികൾ അണിനിരന്ന മനുഷ്യച്ചങ്ങല നടത്തിയത്.”- മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. 

Exit mobile version