Pravasimalayaly

എടത്തല സംഭവം: ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉസ്മാന്റെ അമ്മ; കുറ്റക്കാരായ പൊലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് ഭാര്യ

 

കൊച്ചി: ആലുവയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉസ്മാന്റെ അമ്മ ഫാത്തിമ. കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗമാണ് ഉസ്മാന്‍. മകന്‍ നിരപരാധിയാണെന്നും ഫാത്തിമ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ ഉസ്മാന് തിരിച്ച് ഗള്‍ഫിലേക്ക് പോകാനാകുമോയെന്ന് സംശയമാണെന്നും ഫാത്തിമ പറഞ്ഞു.

അതേസമയം, പന്ത്രണ്ട് വര്‍ഷമായി താന്‍ പോലും അറിയാത്ത തീവ്രവാദമാണ് മുഖ്യമന്ത്രി കണ്ടെത്തിയതെന്നും ഉസ്മാന്റെ ഭാര്യ ഫെബിന പറഞ്ഞു. താടി വെച്ചാല്‍ തീവ്രവാദിയാകുമോയെന്ന് ഫെബിന ചോദിക്കുന്നു. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തല്ലിച്ചതച്ചവരെ സ്ഥലംമാറ്റിയതുകൊണ്ട് നീതികിട്ടില്ല. ഉസ്മാന്‍ മര്‍ദിച്ചുവെന്ന് പറയുന്നത് കള്ളമാണെന്നും ഫെബിന ആരോപിച്ചു.

എടത്തല സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കുഞ്ചാട്ടുകാരയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ഉസ്മാനെ മര്‍ദിച്ച എഎസ്‌ഐ ഉള്‍പ്പെടെയുള്ളവരെ എആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റിയത്. സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

വിദേശത്തായിരുന്ന ഉസ്മാന്‍ റംസാന്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. നോമ്പുതുറ വിഭവങ്ങള്‍ വാങ്ങി വരുന്നതിനിടെയായിരുന്നു പൊലീസിന്റെ കാര്‍ ഇടിച്ചത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസ് യൂണിഫോമും വാഹനവും ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദ്ദേശമുള്ളതിനാലാണ് സ്വകാര്യ വാഹനത്തില്‍ കാറില്‍ സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍, ഇരയില്‍ നിന്നും മൊഴിയെടുപ്പിക്കുന്നതിനും മറ്റും ബാധകമായ നിര്‍ദ്ദേശം പ്രതിയെ പിടികൂടുന്നതിനും പൊലീസ് അനാവശ്യമായി ഉപയോഗിക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ഉസ്മാനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിക്രമത്തിന് ഇരയായ ഉസ്മാന്റേതു ഗുരുതര പരുക്കാണെന്നാണു റിപ്പോര്‍ട്ട്. ഇടിയേറ്റു കവിളിലെ എല്ലു പൊട്ടി ഉള്ളിലേക്കു പോയിട്ടുണ്ട്. താടിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഉസ്മാനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പൊലീസുകാര്‍ ഗുണ്ടകളെപ്പോലെയാണു പെരുമാറിയതെന്ന് അതിക്രമത്തിനു ദൃക്‌സാക്ഷികളായവര്‍ പറഞ്ഞു.

Exit mobile version