Pravasimalayaly

എട്ടു ഇന്ത്യൻ പൗരന്മാർക്ക് ഖത്തറിൽ വധശിക്ഷ; നയതന്ത്ര നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ

ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തറിലെ കോ‌ർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്.

പൗരൻമാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഖാദമായ നടുക്കം രേഖപ്പെടുത്തുകയും ഇവർക്ക് നയതന്ത്രപരമായും നിയമപരമായും സഹായം നൽകുമെന്നും അറിയിച്ചു. ഇതിനായി നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തലത്തിൽ ഖത്തറുമായി ആശയവിനിമയം ഉണ്ടാകാൻ സാധ്യത. 2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യൻ പൗരൻമാരെ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്.

ചാരവൃത്തിക്കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ ഇസ്രയേലിന് വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ പൗരന്മാരുടെ വധശിക്ഷയിൽ പാകിസ്താന് പങ്കുണ്ടെന്ന് ഏജൻസികൾ സംശയിക്കുന്നു. പൗരന്മാരെ കുടുക്കുന്നതിനായിട്ട് പാക് ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ജയിലിൽ കഴിയുന്ന പൗരന്മാരെ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ സന്ദർശിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും നിയമപരമായി മാത്രമേ പ്രവർത്തിച്ചട്ടുള്ളൂ എന്നു ഇവർ ഇന്ത്യൻ അംബാസിഡറെ അറിയിച്ചു. എട്ടു ഇന്ത്യൻ പൗരന്മാർക്കൊപ്പം രണ്ടു ഖത്തർ പൗരന്മാരും കേസിൽ‌ അറസ്റ്റിലായിട്ടുണ്ട്.

Exit mobile version