Pravasimalayaly

എട്ട് നഗരങ്ങളില്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്റെ പ്രചാരണ പരിപാടികള്‍

തിരുവനന്തപുരം: മെട്രോപൊളിറ്റന്‍, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകര്‍ഷിക്കാന്‍ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂര്‍ ടൂറിസം ബോര്‍ഡ് (എസ് ടി ബി). തിരുവനന്തപുരം, ഹൈദരാബാദ്, മധുര, കൊല്‍ക്കത്ത, രാജ്‌കോട്ട്, ഗുവാഹത്തി, നാഗ്പൂര്‍, ജലന്ധര്‍ എന്നീ എട്ട് നഗരങ്ങളെയാണ് എസ് ടി ബി ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹോട്ടലുകള്‍, വിമാനക്കമ്പനികള്‍, റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികള്‍, ക്രൂയിസുകള്‍ തുടങ്ങി ഈ രംഗത്തെ നാല്പത്തഞ്ചോളം സ്റ്റെയ്ക്‌ഹോള്‍ഡര്‍മാര്‍ റോഡ് ഷോകളുടെ ഭാഗമാണ്. വര്‍ഷാരംഭം മുതലേ എസ് ടി ബി ആവിഷ്‌കരിച്ചുപോരുന്ന ആകര്‍ഷകമായ ടൂറിസം പ്രൊമോഷന്‍ പദ്ധതികളുടെ തുടര്‍ച്ചയാണ് രാജ്യത്തെ എട്ട് വന്‍കിട, ഇടത്തരം നഗരങ്ങളിലൂടെയുള്ള ട്രാവല്‍ ട്രേഡും. ഡെലിഗേഷനെ നയിക്കുന്നത് ജി ബി ശ്രീധര്‍ (എസ് ടി ബി റീജ്യണല്‍ ഡയറക്ടര്‍-ഇന്ത്യ, മിഡില്‍ ഈസ്റ്റ്&സൗത്ത് ഏഷ്യ); അഡ്രിയാന്‍ കോങ്ങ് (ഏരിയ ഡയറക്ടര്‍-ഇന്ത്യ&സൗത്ത് ഏഷ്യ-മുംബൈ) എന്നിവരാണ്. ‘വളരുന്ന ബന്ധങ്ങള്‍, ഒരുമയുടെ നേട്ടങ്ങള്‍ ‘എന്നതാണ് റോഡ് ഷോയുടെ പ്രമേയം. നിലവിലുള്ള സ്റ്റെയ്ക്‌ഹോള്‍ഡര്‍മാരുമായി ബന്ധം ശക്തമാക്കും. പ്രാദേശികതലത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ രൂപപ്പെടുത്തും. ടൂറിസം രംഗത്ത് സിംഗപ്പൂരിന്റെ പുതിയ ആകര്‍ഷണീയതകള്‍, ട്രേഡ് പ്രൊമോഷന്‍ ഓഫറുകള്‍ എന്നിവയെപ്പറ്റി വിശദീകരിക്കും. പാഷന്‍ ടൂറുകള്‍, ജ്യുവല്‍ ചാങ്കി എയര്‍പോര്‍ട്ട്, റെയിന്‍ ഫോറസ്റ്റ് ലൂമിന തുടങ്ങി നിരവധി പുതിയ ആകര്‍ഷണങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രസിദ്ധമായ സിംഗപ്പൂര്‍ ഭക്ഷ്യമേള, ജൂലായ് മാസത്തെ ഗ്രേറ്റ് സിംഗപ്പൂര്‍ സെയില്‍, സെപ്റ്റംബറിലെ പ്രശസ്തമായ ഗ്രാന്‍ഡ് പ്രി സീസണ്‍, നവംബറിലെ ശ്രദ്ധേയമായ ദീപാവലി ആഘോഷങ്ങള്‍ എന്നിവയും ട്രാവല്‍ ട്രേഡില്‍ അവതരിപ്പിക്കും. പോയ വര്‍ഷം 1.44 ദശലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. തുടര്‍ച്ചയായി നാലാമത് വര്‍ഷമാണ് ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ദശലക്ഷം മാര്‍ക്ക് മറികടക്കുന്നത്. കൂടാതെ ക്രൂയിസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നിലവിലുള്ള ഒന്നാം സ്ഥാനത്തും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യ തുടരുകയാണ്. സിംഗപ്പൂരിന്റെ ടൂറിസം ഭൂപടത്തില്‍ ഇന്ത്യക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് ജി ബി ശ്രീധര്‍ അഭിപ്രായപ്പെട്ടു. ‘ട്രാവല്‍ ട്രേഡും മാധ്യമ പങ്കാളിത്തവും മറ്റ് മാര്‍ക്കറ്റിംഗ് ഉപാധികളും ഉപയോഗപ്പെടുത്തി ഊര്‍ജ്ജിതമായ പ്രചാരണം നടത്തിവരുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നാമത്തെ വലിയ വിപണി എന്ന സ്ഥാനം പോയ വര്‍ഷവും ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യയിലെയും സിംഗപ്പൂരിലെയും വ്യവസായ പങ്കാളികളുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം വളര്‍ത്തിയെടുക്കാനാണ് ഞങ്ങളുടെ ശ്രമം. വളര്‍ച്ചയുടെ ഗതിവേഗം കൂട്ടണം. ഒപ്പം വ്യത്യസ്ത അഭിരുചികളുമായി എത്തുന്ന ടൂറിസ്റ്റുകളെയെല്ലാം തൃപ്തിപ്പെടുത്തുന്ന സിംഗപ്പൂര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍പേര്‍ക്ക് അനുഭവവേദ്യമാകണം’ – അദ്ദേഹം വ്യക്തമാക്കി. എസ് ടി ബി യെ സംബന്ധിച്ച് സംഭവബഹുലമായ വര്‍ഷമായിരുന്നു 2018. ‘പാഷന്‍ മെയ്ഡ് പോസിബ്ള്‍’ എന്ന പ്രമേയത്തിലൂടെ ഇന്ത്യയിലുടനീളം സിംഗപ്പൂരിന്റെ വൈവിധ്യമാര്‍ന്ന ആകര്‍ഷണീയതകള്‍ പ്രചരിപ്പിച്ചു. വി എച്ച് വണ്ണുമായി സഹകരിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മ്യൂസിക് വീഡിയോ പുറത്തിറക്കി. പേ ടി എം, ഒല എന്നീ ജനപ്രിയ ബ്രാന്‍ഡുകളുമായി മാര്‍ക്കറ്റിംഗ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമിട്ട് സംഗീത കുലപതി ഇളയരാജയുമായി യോജിച്ചുള്ള സംഗീതപരിപാടി ആവിഷ്‌കരിച്ചു. ഇത്തരത്തില്‍ ക്രിയാത്മകമായ നിരവധി പരിപാടികളാണ് പോയവര്‍ഷം നടന്നത്. സിംഗപ്പൂര്‍ ഹോളിഡേയ്സിന്റെ പ്രചരണാര്‍ഥം ട്രാവല്‍ ഇടനിലക്കാരെ കണ്ണിചേര്‍ത്ത് 21 നഗരങ്ങളിലൂടെ നടത്തിയ ട്രാവല്‍ ട്രേഡും വിജയമായി. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, ജനപ്രിയ ബ്രാന്‍ഡുകള്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ആരംഭിച്ച സിംഗപ്പൂര്‍ വീക്കന്‍ഡര്‍ ആര്‍ട്ട് ഫെസ്റ്റിവലിന്റെ ഇത്തവണത്തെ എഡിഷനിലും സ്റ്റാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണമുണ്ട്. സോഷ്യല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ട്രിപോട്ടോയുമായി സഹകരിച്ച് ഏഴുഭാഗങ്ങളുള്ള വെബിസോഡ് സീരീസും പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി സ്‌കൂട്ടും സില്‍ക്ക് എയറും സിംഗപ്പൂര്‍ എയര്‍ലൈന്‍സും വാഗ്ദാനം ചെയ്യുന്ന പ്രത്യേക നിരക്കുകള്‍ റോഡ് ഷോയില്‍ അവതരിപ്പിക്കും. ജൂലൈ 8 മുതല്‍ 31 വരെയാണ് നിരക്കുകള്‍ ബാധകമാവുന്നത്. എയര്‍ ലൈനുകളുടെ വെബ്സൈറ്റുകള്‍ വഴി നേരിട്ടോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് : സിംഗപ്പൂരിന്റെ സുപ്രധാന സാമ്പത്തിക മേഖലകളില്‍ ഒന്നായ ടൂറിസത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന ഏജന്‍സിയാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ്. വ്യവസായ പങ്കാളികളും കമ്മ്യൂണിറ്റികളുമായി സഹകരിച്ച് രാജ്യത്തിന്റെ ടൂറിസം രംഗത്തെ ആകര്‍ഷകമായി രൂപപ്പെടുത്താനാണ് എസ് ടി ബിയുടെ ശ്രമം. ലോക ടൂറിസം ഭൂപടത്തില്‍ രാജ്യത്തെ വേറിട്ട രീതിയില്‍ അടയാളപ്പെടുത്താനുള്ള ഊര്‍ജിതമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. പാഷന്‍ മെയ്ഡ് പോസിബിള്‍ അഥവാ കാമനകളെ സാധ്യമാക്കുന്നു എന്ന നൂതനമായ ബ്രാന്‍ഡിങ്ങിലൂടെ സഞ്ചാരികള്‍ക്കെല്ലാം പ്രിയങ്കരമായ ടൂറിസ്റ്റ് കേന്ദ്രമായി രാജ്യത്തെ മാറ്റിയെടുക്കുന്നു.

Exit mobile version