Pravasimalayaly

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട്; ഡിജിപി നാളെ സർക്കാരിന് നൽകും

എഡിജിപി എം.ആർ അജിത്കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നാളെ നൽകും. രാവിലെ ഡിജിപി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ഇന്ന് രാത്രി വൈകിയും റിപ്പോർട്ട് തയ്യാറാക്കുന്നത് തുടരുകയാണ്.

എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നാണ് വിവരം. ഡിജിപിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

നിരന്തരം ആവശ്യം തള്ളുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ സിപിഐ നേതൃത്വവും കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കളാഴ്ച മുതൽ വിവാദ വിഷയങ്ങൾ സഭയിലേക്കെത്തും. അതിന് മുമ്പ് നടപടി വേണമെന്നാണ് സിപിഐ നിലപാട്.

എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയി വിശ്വം ഇക്കാര്യം വ്യക്തമാക്കിയത്.

Exit mobile version