Pravasimalayaly

എഡിജിപിക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ; സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് യോഗം ചേരും

എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതിയിൽ ഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് യോഗം ചേരും. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഇക്കാര്യം ഇന്നെലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തൃശ്ശൂർ പൂരം അലങ്കോലമായത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ബിനോയ് വിശ്വം നേതൃയോഗത്തിൽ അറിയിക്കും. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും ചർച്ചയായേക്കും.

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കുമോ എന്ന് ഇന്ന് അറിയാം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. വിവാദങ്ങൾക്ക് വഴങ്ങി ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ.അജിത്കുമാറിനെ മാറ്റിയാലും മറ്റൊരു പ്രധാനപദവി നൽകിയേക്കും. ജയിൽ മേധാവി, എക്സൈസ് കമ്മീഷണർ തുടങ്ങിയ പദവികളാണ് പരിഗണിക്കുന്നത്. 

Exit mobile version