Wednesday, November 27, 2024
HomeLatest News‘എനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറഞ്ഞോളാം’; ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പ്രണബ് മുഖര്‍ജി

‘എനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറഞ്ഞോളാം’; ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പ്രണബ് മുഖര്‍ജി

കൊല്‍ക്കത്ത: ആര്‍.എസ്.എസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം.

‘ എനിക്കെന്താണോ പറയാനുള്ളത് അത് ഞാന്‍ നാഗ്പൂരില്‍ പറയും. എനിക്ക് ഒരുപാട് കത്തുകളും ഫോണ്‍കോളും വന്നിട്ടുണ്ട്. എന്നാല്‍ ഒന്നിനോടും ഞാന്‍ പ്രതികരിച്ചിട്ടില്ല.’ അടുത്ത മാസം നടക്കുന്ന ആര്‍.എസ്.എസ് പരിശീലന പരിപാടിയില്‍ മുഖ്യാതിഥിയായി പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. നാഗ്പൂരില്‍ ജൂണ്‍ 7ന് നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരിശീലന പരിപാടിയിലാണ് മുന്‍ രാഷ്ട്രപതി സംസാരിക്കുക.

ആര്‍.എസ്.എസിന്റെ ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതായി ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ പറഞ്ഞിരുന്നു. 45 വയസിന് താഴെയുള്ള എണ്ണൂറോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും പരിശീലന പരിപാടിയില്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 1969 മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അതേസമയം പ്രണബിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജയറാം രമേശ്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രണബിന് ഇക്കാര്യമാവശ്യപ്പെട്ട് കത്തയച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments