തിരുവനന്തപുരം: സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സപ്ലൈക്കോയില്‍ വരും, ദൃശ്യങ്ങള്‍ എടുക്കും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി.സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് സര്‍ക്കുലര്‍ ഇറക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നതിനിടെയാണ് സര്‍ക്കുലര്‍ പുറത്ത് വന്നത്. ഈ സര്‍ക്കാലുറിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചത്.‘എന്നാല്‍ അതൊന്നു കാണണമല്ലോ ശ്രീറാം ”സാറെ”… സപ്ലൈക്കോയില്‍ വരുകയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും. പാക്കലാം!’- എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടിയത്.