കൂടത്തായി എന്ന പേരില്‍ സിനിമാപ്പണി തുടങ്ങിയെന്നു പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂര്‍….ആനക്കൊമ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്ന് ‘ആനക്കൊമ്പ് കള്ളന്‍’ എന്ന പേരില്‍ ലാലേട്ടനെ വെച്ചൊരു സിനിമ പ്രഖ്യാപിച്ചിരുന്നേലോ’; വൈറലായി കുറിപ്പ്

0
41

കൂടത്തായ് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി സിനിമ ചെയ്യാനിറങ്ങിയവര്‍ക്കെതിരെ കുറിപ്പുമായി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീജിത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. കൂടത്തായ് കൊലപാതക കേസിനെ ആസ്മപദമാക്കി മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ട് സിനിമ ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു.

അതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി ഡിനി ഡാനിയലു രംഗത്തെത്തിയിരുന്നു. ഔദ്യോഗികമായി കൂടത്തായി വിഷയമാക്കിയുള്ള സിനിമയുടെ ജോലികള്‍ ആരംഭിച്ചത് ഒക്ടോബര്‍ എട്ടിനാണെന്നും ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ റിലീസ് ചെയ്തിരുന്നുവെന്നും ഡിനി കുറിച്ചിരുന്നു. ഒക്ടോബര്‍ 9ന് രാവിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി എന്നും ഡിനി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

കലക്കവെള്ളത്തില്‍ കൂടത്തായി കലക്കി മീന്‍ പിടിക്കുന്നവരോടാണ് .,

കൊലപാതകമെന്ന് സംശയിക്കത്തക്ക സാഹചര്യത്തില്‍ ആറോളം മനുഷ്യജീവനുകള്‍ നഷ്ടമായിരിക്കുന്നു…

ഭര്‍ത്താവിനെയും, ഭര്‍തൃ പിതാവിനെയും, മാതാവിനെയും സഹോദരങ്ങളെയും തുടങ്ങി പിഞ്ച് കുഞ്ഞുങ്ങളെപ്പോലും ക്രൂരമായി കൊന്ന സ്ഥാനത്ത് സംശയിക്കപ്പെടുന്നത് അപൂര്‍വമായി ഒരു സ്ത്രീ ….

രണ്ട് പതിറ്റാണ്ടുകളോളം പഴക്കമുള്ള കേസില്‍ തെളിവുകള്‍ കണ്ടെത്താനും അവയെതമ്മില്‍ ബന്ധിപ്പിക്കുവാനും അന്വേഷണ ഏജന്‍സികള്‍ നെട്ടോട്ടമോടുന്ന സാഹചര്യം…

അച്ഛനെക്കൊന്നത് അമ്മയാണെന്ന വാര്‍ത്തകള്‍ കേട്ട് പകച്ചു നില്‍ക്കുന്ന മക്കള്‍ …

അമ്മയെയും, സഹോദരിയെയും കൊന്നത് രണ്ടാനമ്മയാണെന്നു കേട്ട് പകച്ചു നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ ….

അച്ഛനെയും അമ്മയെയും കൊന്നത് സഹോദരന്റെ ഭാര്യയാണെന്ന് വാര്‍ത്തകള്‍ കേട്ട് തളര്‍ന്നുപോകുന്ന മനുഷ്യര്‍..

സമാനമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടുവെന്ന് സംശയിക്കുന്നവരെല്ലാം പരാതിയുമായി വരുന്ന സാഹചര്യം…

ഒരുപാട് ജീവനുകളും ജീവിതങ്ങളും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തവിധം അക്ഷരാര്‍ത്ഥത്തില്‍ ചോദ്യചിഹ്നങ്ങളായി ചിതറിത്തെറിച്ചു നില്‍ക്കുകയാണ്.

അങ്ങനെ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഒരു സാഹചര്യത്തിലൂടെയാണ് കൂടത്തായി സംഭവങ്ങള്‍ കടന്നുപോകുന്നത്. ഒരു പരിസ്‌കൃത സമൂഹം ഏറ്റവും പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും ഈ വിഷയം കൈകാര്യം ചെയ്യേണ്ട ക്രൂഷ്യലായ സമയം.

പക്ഷെ ദൗഭാഗ്യവശാല്‍ നടക്കുന്നതെന്നതാണ്… ‘Right To Fair Trial ‘ ‘Presumption of Innocence’ എന്നീ അടിസ്ഥാന നിയമ തത്വങ്ങള്‍ പോലും നിഷേധിച്ച് പൊടിപ്പും തൊങ്ങലും, ഇക്കിളി മസാല കഥകളും വെച്ച് സിനിമ പോസ്റ്ററുകള്‍വരെ ഇറക്കുന്ന തിരക്കിലാണ് അഭിനവ മലയാളികള്‍ എന്നതില്‍ ലജ്ജ തോന്നുന്നു.

കേസിലെ ദുരൂഹതകള്‍ ഓരോ നിമിഷം കൂടിവരികയും, ബൃഹത്തായ അന്വേഷണത്തിനുത്തരവിടുകയും ചെയ്യുമ്പോള്‍ സമാന്തരമായി കൂടത്തായി മാര്‍ക്കറ്റിങ് നടത്തുന്ന നന്മ മെരങ്ങളോട് പറയട്ടെ, നിങ്ങളാ കുടുംബത്തിലെ പിഞ്ചു മക്കളുടെ കാര്യമെങ്കിലും ഒരു നിമിഷം ഓര്‍ക്കണം അവരും നമ്മെപ്പോലെ സുഹൃത്തുക്കളും, ബന്ധങ്ങളുമുള്ള സാമൂഹിക ജീവികളാണ്.

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സാമൂഹികമായി ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യം ആ കുട്ടികള്‍ക്കുണ്ടാകും..

കൂടത്തായി എന്നപേരില്‍ സിനിമാപ്പണി തുടങ്ങിയെന്നു പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരാ ആനക്കൊമ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്ന് ‘ആനക്കൊമ്പ് കള്ളന്‍’ എന്ന പേരില്‍ ലാലേട്ടന്റെ വെച്ചൊരു സിനിമ പ്രഖ്യാപിച്ചിരുന്നേല്‍ എങ്ങനെയുണ്ടാകുമായിരുന്നു….

ഭരണഘടനാ അനുവദിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശം റീസണബില്‍ റെസ്ട്രിക്ഷന് അഥവാ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് എന്ന് പെരുമ്പാവൂരന്മാര്‍ മനസിലാക്കണം. കോടതിയുടെ പരിഗണയിലിരിക്കുന്ന ഈ സംഭവത്തില്‍ യഥാര്‍ത്ഥ സംഭവമെന്ന് ചൂണ്ടികാണിച്ചു സിനിമ നിര്‍മ്മിക്കുന്നത് വിചാരണയെ സ്വാധീനിക്കലും നിയമ വ്യവസ്ഥയെ അസ്ഥിരപ്പെടുത്താലും, നിയമവിരുദ്ധവുമാണെന്ന് മനസിലാക്കിക്കൊള്ളുക.

ഒപ്പം മാധ്യമങ്ങളോടാണ്. സമാന്തര മാധ്യമവിചാരണ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. എന്നാല്‍ സത്യസന്ധമായ സോഴ്‌സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തുകയും വേണം. പുട്ടിനു തേങ്ങ ഇടുന്നതുപോലെ ഇടയ്ക്കിടയ്ക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, ഉള്ളത് വര്‍ത്തകളായാല്‍ മതി കെട്ടുകഥകളായിരിക്കരുത്.

‘ഞങ്ങളുടെ ഏട്ടനെ കുറിച്ച് പറഞ്ഞാല്‍ മൂക്കില്‍ കേറ്റും, മാധ്യമങ്ങളെല്ലാം മഞയാണ്, ജോലിയെ ഇപ്പോള്‍ത്തന്നെ തൂക്കിലേറ്റേണ്ടതാണ്’ തുടങ്ങിയ കമന്റുകളുമായി വരുന്ന ഫാന്‍സപ്പന്മാര്‍ക്ക് അഡ്വാന്‍സായി നല്ല നമസ്‌കാരം .

നടി ആക്രമിക്കപ്പെട്ട സംഭവം സെന്‍സേഷണലായപ്പോള്‍ പ്രസ്തുത സംഭവം സിനിമയാക്കാന്‍ ശ്രമിച്ചതിനെ നിയമപരമായി ഇടപെട്ട് തടഞ്ഞിരുന്നു. സമാനമായി കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി സംഭവത്തില്‍

കേസില്‍ വിചാരണ കഴിയുന്നതുവരെ ഏതെങ്കിലും തരത്തിലുള്ള സിനിമാപ്പണികള്‍

ഈ സംഭവത്തിന്റെ യാതാര്‍ഥ്യമെന്ന പേരില്‍ നടത്തിയാല്‍ അത് നിയമപരമായി തടയുമെന്നു വിനയപുരസ്സരം അറിയിക്കട്ടെ.

നമുക്ക് ചുറ്റും നമ്മളറിയാതെ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരുപാടുണ്ട് അതുകൊണ്ടുതന്നെ ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു സാമൂഹിക വിപത്തായി മാറുമെന്നതിനാല്‍ സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേസില്‍ കുറ്റപത്രം നല്‍കുന്നതുവരെയെങ്കിലും ഒന്നടങ്ങി നില്‍ക്കണം എന്നാണു അഭ്യര്‍ത്ഥിക്കാനുള്ളത്

അഡ്വ ശ്രീജിത്ത് പെരുമന

Leave a Reply