Pravasimalayaly

‍”എന്റെ ജീവിതമാണ് നഷ്ടമായത്”, മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടാൻ: ദിലീപ് 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്. നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെയാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്ന് ദിലീപ് ഹൈക്കോടതിയിൽ വാദിച്ചു.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹർ‌ജി നൽകിയത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് ഹർജിയെ എതിർത്ത ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ വാദം. ദൃശ്യങ്ങൾക്ക് ഒരു മാറ്റവുമില്ലെന്നിരിക്കെ എങ്ങനെയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയുകയെന്നും അഭിഭാഷകൻ ചോദിച്ചു. 

അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ ബാബു ചോദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നായിരുന്നു മറുപടി. തന്റെ കക്ഷിയുടെ ജീവിതമാണ് ഈ കേസുകാരണം നഷ്ടമായതെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 

Exit mobile version