Pravasimalayaly

‘എന്റെ സേവനം പാര്‍ട്ടിക്കു വേണ്ടെങ്കില്‍ വേണ്ട’; ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി: ഇനി ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പാര്‍ട്ടിക്കു തന്റെ സേവനം വേണ്ടെങ്കില്‍ പിന്നെ വിലങ്ങുതടിയായി നില്‍ക്കാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അച്ചടക്ക ലംഘനത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

പുനസംഘടനയുമായി ബന്ധപ്പെട്ട് എംകെ രാഘവന്റെ പ്രസ്താവനയെ അനുകൂലിച്ചതിനാണ് തനിക്കു നോട്ടീസ് നല്‍കിയത്. തനിക്കു നോട്ടീസ് നല്‍കിയതില്‍ കെപിസിസി പ്രസിഡന്റിനു സംതൃപ്തിയുണ്ടെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. പുനസ്സംഘടനാ ചര്‍ച്ചയില്‍ മുന്‍ പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചില്ല. പങ്കെടുപ്പിച്ചിരുന്നെങ്കില്‍ തനിക്കു പറയാനുള്ളത് അവിടെ പറയാമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. 

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് തന്നെ അപമാനിക്കാനാണ്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ രണ്ട് എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതു പാര്‍ട്ടിക്കു ഗുണമോ എന്ന് നേതൃത്വം ആലോചിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ നല്ല സെന്‍സില്‍ അല്ല നേതൃത്വം എടുക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. 

വായ് മൂടിക്കെട്ടുന്നവര്‍ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെ. ഐഐസിസി നേതൃത്വം വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

Exit mobile version