കൊല്ലം: കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിന് വിട്ടു. ഇന്നലെ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൊല്ലം റൂറൽ എസ്പി എം എൽ സുനിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
എഫ്ഐആറിലെ വീഴ്ചകൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ആശുപത്രിയിൽ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും യോഗത്തിൽ വിലയിരുത്തി.
റിമാൻഡിലുള്ള പ്രതി സന്ദീപിനെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. പ്രതിയുടെ ശാരീരിക ആരോഗ്യാവസ്ഥകൾ പരിഗണിച്ചാകും കസ്റ്റഡിയിൽ എടുക്കുക.
അതേസമയം സന്ദീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടോ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടോ യാതൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ കോളുകൾ പൊലീസ് വിശദമായി പരിശോധിക്കും. അക്രമാസക്തനാകുന്നതിന് മുൻപ് സന്ദീപ് ഫോണിൽ ആരോക്കെയായി ബന്ധപ്പെടിരുന്നു എന്നതും പൊലീസ് പരിശോധിക്കും.