എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് ദേശീയ സംഘടനാ നേതാവ് പി നെടുമാരന്‍. സമയമാകുമ്പോള്‍ പ്രഭാകരന്‍ വേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന് തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വേള്‍ഡ് തമിഴ് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു.
പ്രഭാകരന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പറയാനാകില്ല. പ്രഭാകരന്റെ അനുമതിയോടെയാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും നെടുമാരന്‍ പറഞ്ഞു. ശ്രീലങ്കയില്‍ രജപ്കസെ ഭരണം അവസാനിച്ചതിലാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും തക്കസമയത്ത് പ്രഭാകരന്‍ പൊതുവേദിയില്‍ എത്തുമെന്നും നെടുമാരന്‍ പറഞ്ഞു.
തമിഴ് ഈളത്തിനായി വേണ്ടി പോരാടുന്ന നിരപരാധികളായ നിരവധി ശ്രീലങ്കന്‍ തമിഴര്‍ കൊല്ലപ്പെട്ടു, തമിഴ്‌നാട്ടിലെ ഈളം അനുകൂല പാര്‍ട്ടികള്‍ ഇത് വംശഹത്യയാണെന്ന് വിശേഷിപ്പിച്ചു. രാജപക്സെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നതായും നെടുമാരന്‍ പറഞ്ഞു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം വേലുപ്പിള്ള പ്രഭാകരന്റെതാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് മുന്‍ ശ്രീലങ്കന്‍ എംപി ശിവാജി ലിംഗം പറഞ്ഞു. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്റെ അഭിപ്രായത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും, ലോകമെമ്പാടുമുള്ള യഥാര്‍ഥ തമിഴര്‍ക്ക് ഇത് സന്തോഷം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.