കൊച്ചി: എ ഐ സി സി കാഷ്യറായ മലയാളിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചോറ്റാനിക്കര സ്വദേശിയായ മാത്യൂസ് വർഗീസിന്റെ വീട്ടിലാണ് റെയ്ഡ്. ഡൽഹിയിൽനിന്നുള്ള പ്രത്യേകസംഘമാണ് റെയ്ഡിനായി എത്തിയത്.
എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. വെള്ളിയാഴ്ച രാവിലെ നാലുമണി മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധന ശനിയാഴ്ചയും തുടർന്നു.
എ ഐ സി സിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടം വഹിക്കുന്നത് മാത്യൂസാണ്. അമ്പതുവർഷത്തിലധികമായി ഡൽഹിയിലാണ് മാത്യൂസിന്റെ താമസം. അഞ്ചുലക്ഷത്തിലധികം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. മാത്യൂസ് നാട്ടിലെത്തിയ സമയത്താണ് റെയ്ഡ്.
ഹൈദരാബാദിലും ഡൽഹിയിലുമുള്ള മേഘാ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയാണ് മാത്യൂസിന്റെ വീട്ടിലും നടക്കുന്നതെന്നും എ ഐ സി സി ട്രഷർ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് വളരെ അടുപ്പമുള്ള കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് മേഘാ കൺസ്ട്രക്ഷൻസ്. കഴിഞ്ഞദിവസങ്ങളിൽ ഇവിടെ റെയ്ഡ് നടന്നിരുന്നു.