എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവില്‍പ്പോയത്. പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു. വനിതാ നേതാവിനെ കേസില്‍ സാക്ഷിയാക്കാനാണ് നീക്കം. എന്നാല്‍, ഗൂഢാലോചനയിലും ആക്രമണമത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അതേസമയം പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന. ഡിയോ സ്‌കൂട്ടര്‍, പ്രതി ധരിച്ചിരുന്ന ടി ഷര്‍ട്ട്,ഷൂ എന്നിവയാണ് പ്രധാന തെളിവുകള്‍. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്ന മറ്റു രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കി.എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിന്‍ കാറില്‍ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നല്‍കിയ സ്‌കൂട്ടറാണ് പിന്നീട് എ.കെ.ജി സെന്ററിലെക്കെത്താന്‍ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിന്‍ തിരികെ വരുന്നതുവരെ സുഹൃത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്തു.ജിതിന്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.