Pravasimalayaly

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം ലോക റെക്കോര്‍ഡോടെ സ്വര്‍ണം വെടി വച്ചിട്ടത്. ഈ ഏഷ്യൻ ​ഗെയിംസ് പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യ സുവർണ നേട്ടം കൂടിയാണിത്.

ദിവ്യാന്‍ഷ് സിങ് പന്‍വാര്‍, രുദ്രാംക്ഷ് ബാലാസഹേബ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവര്‍ണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്. 

മൊത്തം 1893.7 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്. ഈ വർഷം ഓ​ഗസ്റ്റിൽ ഈ ഇനത്തിൽ ചൈന സ്ഥാപിച്ച ലോക റെക്കോർഡാണ് ഇന്ത്യ മറികടന്നത്.

രണ്ടാം ദിനത്തില്‍ റോവിങിലും മെഡല്‍ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. നാല് പേരടങ്ങിയ സംഘത്തിന്റെ പോരാട്ടത്തിലാണ് നേട്ടം. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്.

നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ബാ​ഗിൽ മെഡലുകൾ ഏഴായി.

Exit mobile version