തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവച്ചത് യുഡിഎഫും സമരസമിതിയും നടത്തിയ ഐതിഹാസിക സമരത്തിന്റെ ഒന്നാംഘട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
കല്ലിടലിനെ യുഡിഎഫ് അതിശക്തിയായി എതിര്‍ത്തതാണ്. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹികാഘാത പഠനം നടത്താമെന്ന യുഡിഎഫിന്റെ അഭിപ്രായം ചെവികൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ എവിടെനിന്നാണ് ഈ ബോധോദയമുണ്ടായത്? അതുകൊണ്ട് സര്‍ക്കാര്‍ തെറ്റ് സമ്മതിക്കണം. പാവപ്പെട്ടവരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി, ജിപിഎസ് സര്‍വെ നടത്താന്‍ റവന്യു വകുപ്പ് ഉത്തരവിട്ടിരുന്നു. സര്‍വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.കെ റെയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
സര്‍വെ നടത്താന്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മഠത്ത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.