Friday, November 22, 2024
HomeSportsCricketഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

ഐപിഎൽ പതിനാറാം സീസണിലെ വിജയികളെ ഇന്നറിയാം. കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായി കൊമ്പുകോർക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഫൈനൽ മത്സരം. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

തുടർച്ചയായ രണ്ടാം കിരീടം എന്ന ലക്ഷ്യവുമായി ഗുജറാത്ത് എത്തുമ്പോൾ അഞ്ചാം ഐപിഎൽ കിരീടം എന്ന നേട്ടത്തിനായാണ് ധോണിപ്പടയുടെ വരവ്. കളിച്ച രണ്ട് സീസണുകളിലും ഫൈനലിലെത്തി എന്ന അപൂർവ നേട്ടത്തോടെയാണ് ഗുജറാത്ത് സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നത്. ശുഭ്മാൻ ഗില്ലും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ കുന്തമുനകൾ. വൃദ്ധിമാൻ സാഹ, ക്യാപ്റ്റൻ ഹാർദിക്, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് കൂറ്റൻ സ്‌കോറുകൾ അനായാസം അടിച്ചെടുക്കാൻ കഴിവുണ്ട്.

ബൗളിംഗിൽ മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ജോഷ്വ ലിറ്റിൽ എന്നിവർ എതിരാളികളെ വീഴ്ത്തുന്നതിൽ മിടുക്കർ. ചുരുക്കത്തിൽ തുടർച്ചയായി രണ്ട് കിരീടം എന്ന മുംബൈയുടെ റെക്കോഡിനൊപ്പമെത്താനാകും ഗുജറാത്തിന്‍റെ ശ്രമം. മറുവശത്ത് അഞ്ചാം കിരീടം എന്നത് തന്നെയാണ് ചെന്നൈയുടെ ലക്ഷ്യം. ചെന്നൈയുടെ നായകനായി ധോണിയുടെ അവസാന ഐപിഎൽ എന്ന അഭ്യൂഹങ്ങൾ ശക്‌തമായതിനാൽ കിരീട നേട്ടത്തോടെ ഇതിഹാസ നായകന് യാത്രയയപ്പ് നൽകുക എന്നതാകും ടീമിന്‍റെ ശ്രമം.

ഓപ്പണർമാരായ ഡെവൺ കോൺവെയും ഋതുരാജ്‌ ഗെയ്‌ക്ക്‌വാദുമാണ്‌ ബാറ്റിങ്ങിൽ ചെന്നൈയുടെ ആത്മവിശ്വാസം. കൂടാതെ കൂറ്റനടിക്കാരായി ശിവം ദുബെയും അജിൻക്യ രഹാനെയുമുണ്ട്‌. ജഡേജയുടെ ഫോം ടീമിന് മറ്റൊരു ആശ്വാസം. അവസാന ഓവറുകളിലെ ക്യാപ്‌റ്റൻ ധോണിയുടെ ക്യാമിയോ മികച്ച ഫിനിഷിംഗും നൽകുന്നു. അതേസമയം ബോളിംഗ് കരുത്തിൽ ചെന്നൈയെക്കാൾ ഒരു പടി മുന്നിലാണ് ഗുജറാത്ത്. ഒരു കൂട്ടം യുവ ബൗളർമാരുമായാണ് ചെന്നൈ എത്തുന്നത്. ദീപക് ചഹാർ, മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ പേസ് ബോളിങ് നിരയുടെ നേതൃത്വം ഏറ്റെടുക്കുമ്പോൾ മഹീഷ തീക്ഷ്‌ണ കറക്കി വീഴ്‌ത്തുന്ന പന്തുകളുമായി സ്‌പിൻ നിരയ്‌ക്കും കരുത്ത് കൂട്ടുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments