ഭാര്യ ഹസിന്‍ ജഹാന്‍ അഴിച്ച് വിട്ട ആരോപണങ്ങള്‍ക്കിടയില്‍ കരിയര്‍ തന്നെ പ്രതിസന്ധിയിലായ മുഹമ്മദ് ഷമ്മിയെ തേടി ആശ്വാസ വാര്‍ത്ത. ഷമ്മിയ്ക്ക് ഐപിഎല്‍ കളിക്കാന്‍ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഡ് ഡേ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ മൂന്നു കോടി രൂപയ്ക്കാണ് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ഷമിയെ സ്വന്തമാക്കിയിരുന്നത്.
‘ ഐ പി എല്ലില്‍ നിന്ന് ഷമിയെ ഞങ്ങള്‍ വിലക്കില്ല. ഷമിയുടെ വ്യക്തിജീവിത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അയാളുടെ കരിയര്‍ ബലികഴിക്കണമെന്ന പറയുന്നതില്‍ അര്‍ഥമില്ല. ഷമി മിടുക്കനായ ഒരു ബോളറാണ്. അദ്ദേഹം ഇനിയും കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ പേരുവെളിപ്പെടുത്താത്ത ബിസിസിഐ അംഗം പറയുന്നു.
ബിസിസിഐ ആന്റി-കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചയ്ക്കെടുത്താല്‍ മതിയെന്നാണ് ഇപ്പോള്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ റിപ്പോര്‍ട്ട് വരുമെന്നും അതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് ഐപിഎല്‍ ചീഫ് രാജീവ് ശുക്ല വ്യക്തമാക്കി. ഷമിയുമായുള്ള കരാര്‍ ബിസിസിഐ താല്‍കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണ്. നിരപരാധിയാണെന്ന് തെളിയിച്ചാല്‍ മാത്രമാണ് താരത്തിന് വീണ്ടും കരാര്‍ നല്‍കുകയെന്നാണ്
ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഷമിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. ഷമിയ്ക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും വാതുവെപ്പുകാരില്‍ നിന്നും പണം സ്വീകരിച്ചെന്നും ഹസിന്‍ ആരോപിക്കുന്നു.