Pravasimalayaly

ഐപിഎല്‍ കേരളത്തിലേക്ക് എത്തുന്നു, ചെന്നൈ, ബംഗളൂരു ടീമുകളുടെ ഹോം മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡില്‍ നടത്താമെന്ന് കെസിഎ

തിരുവനന്തപുരം: കാവേരി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റിയേക്കും. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തി. ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്മെന്റും കെസിഎയുമായി കൂടിയാലോചനകള്‍ നടത്തി.

തിരുവനന്തപുരത്ത് ഐപിഎല്‍ മത്സരം നടത്താമെന്നാണ് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കാവേരി പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ആഘോഷം വേണ്ടന്ന് വയ്ക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ചെന്നൈയില്‍ ശക്തമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങള്‍ കേരളത്തില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കെസിഎയോട് അഭിപ്രായം തേടിയിരിക്കുന്നത്.

പത്താം തിയതി കല്‍ക്കത്തയ്ക്കെതിരെ ചെന്നൈയിലാണ് ചെന്നൈയുടെ അടുത്ത മത്സരം. എന്നാല്‍ അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തില്‍ മത്സരത്തിനായി സ്റ്റേഡിയം സജ്ജീകരിക്കാന്‍ പരിമിതികളുണ്ട്. അതിനാല്‍ പത്താം തിയതിയിലെ മത്സരത്തിന് ശേഷം ബാക്കി മത്സരങ്ങള്‍ക്ക് കേരളം വേദിയായേക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. ഐപിഎല്‍ കളിക്കാനുള്ള സമയമല്ല ഇത് ; കാവേരി ജലത്തിനുവേണ്ടിയുള്ള പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനീകാന്ത്

രണ്ട് വര്‍ഷത്തിന് ശേഷം ചെന്നൈ ടീം തിരിച്ചെത്തുമ്പോള്‍ ഹോം ഗ്രൗണ്ടില്‍ തന്നെ മത്സരങ്ങള്‍ നടത്തുക എന്നതിലേക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്മെന്റിന്റെ ശ്രമം എങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് ശക്തമായി ഉയരുന്നതാണ് തലവേദനയാകുന്നത്. ചെന്നൈയില്‍ തന്നെ മത്സരങ്ങള്‍ നടത്തിയാല്‍ കളിക്കാരുടേയും കാണികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല എന്ന നിലയിലേക്കാണ് പ്രശ്നങ്ങളുടെ പോക്ക്.

Exit mobile version