Pravasimalayaly

ഒമാനിലേക്കുള്ള വിസകള്‍ ഇനി ഓണ്‍ലൈനില്‍, ചെയ്യേണ്ടതിങ്ങനെ…

ഒമാന്‍ : ഇനി മുതല്‍ ഒമാനിലേക്കുള്ള വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍. ഒമാനില്‍ എക്‌സ്പ്രസ്, ടൂറിസം വിസകളാണ് പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറിയത്. വിമാനത്താവള മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതിന് താല്‍ക്കാലിക കൗണ്ടറും ഏര്‍പ്പെടുത്തിയുണ്ട്.

ഇ-വിസ സംവിധാനത്തെ കുറിച്ച് അറിവില്ലാതെ ഒമാനിലെത്തുന്ന യോഗ്യതയുള്ള രാഷ്ട്രങ്ങളിലെ സഞ്ചാരികള്‍ക്ക് ഇവിടുത്തെ സേവനം ഉപയോഗിക്കാം. ഇത് വൈകാതെ ഒഴിവാക്കുകയും ചെയ്യും. കഴിഞ്ഞ 21 മുതലാണ് ടൂറിസ്റ്റ്, എക്‌സ്പ്രസ് വിസകളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതും വിസ അനുവദിക്കുന്നതും പൂര്‍ണമായും ഓണ്‍ലൈനായി മാറിയത്. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തുന്നതോടെ ഓണ്‍ അറൈവല്‍ വിസ കൗണ്ടറുകള്‍ ഒഴിവാക്കാനാണ് തീരുമാനം. ഇ-വിസയുമായി എത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി ഇ-വിസാ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വിമാനത്താവള മാനേജ്‌മെന്റ് കമ്പനി പ്രതിനിധി പറഞ്ഞു.

evisa.rop.gov.om എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതും ഫീസ് അടയ്ക്കുന്നതും റെസീപ്റ്റ് പ്രിന്റ് ചെയ്‌തെടുക്കുന്നതുമായ മൂന്ന് സ്റ്റെപ്പുകള്‍ മാത്രമാണ് ഉള്ളത്. അഞ്ച് മിനിറ്റ് സമയത്തിനുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാകുമെന്നും ആര്‍ഒപി വക്താവ് പറഞ്ഞു.

Exit mobile version