Pravasimalayaly

ഓസ്‌ട്രേലിയയിലെ ഭീമന്‍ മുതല വലയിലായി; പിടികൂടിയത് എട്ടുവര്‍ഷക്കാലം ഒരു നഗരത്തെ ഭീതിയിലാഴ്ത്തിയ മുതലയെ

 

സിഡ്‌നി: അറുനൂറുകിലോ ഭാരമുള്ള ആ ഭീമന്‍ മുതലയെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ പിടികൂടി. ഓസ്‌ട്രേലിയയിലെ കാതറിനിലെ നദിയില്‍നിന്നാണ് ഈ ഭീമന്‍ മുതലയെ അധികൃതര്‍ വലയിലാക്കിയത്. എട്ടുവര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മുതയെ പിടികൂടാന്‍ സാധിച്ചത്.

4.7 മീറ്റര്‍ നീളമുള്ള മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ലാണ് ഈ ഭീമന്‍മുതലയെ ആദ്യമായി കണ്ടത്. പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അനവധി പേരുടെ ഏറെ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടിയ മുതലയെ ക്രോക്കൊഡൈല്‍ ഫാമിലേക്ക് മാറ്റിയതായി നോര്‍ത്തേണ്‍ ടെറിറ്ററി വൈല്‍ഡ് ലൈഫ് ഓപറേഷന്‍സ് മേധാവി ട്രേസി ഡല്‍ഡിഗ് പറഞ്ഞു. വൈല്‍ഡ് ലൈഫ് ഓപറേഷന്‍ യൂണിറ്റ് കാതറിന്‍ നദിയില്‍നിന്നു നീക്കം ചെയ്തതില്‍വച്ച് ഏറ്റവും വലിയ മുതലയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന 250 ഓളം മുതലകളെയാണ് പ്രതിവര്‍ഷം വന്യജീവി വകുപ്പ് ഉദ്യോഗ പിടികൂടാറുള്ളത്. ഓസ്‌ട്രേലിയയിലെ വടക്കന്‍ മേഖലകളില്‍ വളരെ സാധാരണയായി കാണുന്നവയാണ് ഇത്തരം മുതലകള്‍. പ്രതിവര്‍ഷം ശരാശരി രണ്ടുപേര്‍ ഇവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാറുണ്ട്.

1970 കളില്‍ സംരക്ഷിത വിഭാഗമായി പ്രഖ്യാപിച്ചതോടെയാണ് മുതലകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായത്. കഴിഞ്ഞവര്‍ഷം ഒരു മുതിര്‍ന്ന സ്ത്രീ ഇവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ, മുതലകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു

Exit mobile version