Pravasimalayaly

കക്കാടം പൊയിലിലെ പി.വി. അന്‍വര്‍ നിര്‍മ്മിച്ച അനധികൃത തടയണ പൊളിക്കുമെന്ന് മലപ്പുറം കലക്ടര്‍, എ.ജിയോട് നിയമോപദേശം തേടി

മലപ്പുറം: കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍മ്മിച്ച അനധികൃത തടയണ പൊളിക്കുമെന്ന് മലപ്പുറം കലക്ടര്‍. തടയണ പൊളിക്കാനുള്ള തീരുമാനം നേരത്തെഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. സ്റ്റേ നീക്കാന്‍ എ.ജിയോട് നിയമോപദേശം തേടി.

അന്‍വറിന്റെ ഭാര്യാപിതാവ് തിരൂവണ്ണൂര്‍ കല്യാണത്തോപ്പ്പറമ്പ് അബ്ദുല്‍ ലത്തീഫ് നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി. ലത്തീഫിന്റെ എട്ട് ഏക്കറിലാണ് തടയണ നിര്‍മിച്ചിരുന്നത്.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന് വേണ്ടിയാണ് വനത്തിലെ അരുവി തടസപ്പെടുത്തി 20 മീറ്റര്‍ വീതിയില്‍ തടയണ കെട്ടിയത്. മണ്ണ് സംരക്ഷണ വകുപ്പിന്റേതുള്‍പ്പെടെ ഒരു അനുമതിയും ഇല്ലാതെയാണ് നിര്‍മ്മാണമെന്ന് 2015ല്‍ ഡി.എഫ്.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നത്തെ ജില്ലാ കലക്ടറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചായിരുന്നു നിര്‍മ്മാണം. അന്‍വറിന്റെ നിയമലംഘനം സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ അജീഷ് കുന്നത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് തടയണ പൊളിക്കാന്‍ കലക്ടര്‍ നോട്ടിസ് നല്‍കിയത്.

തടയണയുടെ അശാസ്ത്രീയ നിര്‍മ്മാണം മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും വഴിവച്ചേക്കാമെന്നും തടയണ തകര്‍ന്നാല്‍ താഴ്വാരങ്ങളിലുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാവുമെന്നും കലക്ടര്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തടയണയുടെ ചോര്‍ച്ച ഗൗരവകരമാണ്. നീര്‍ച്ചോല കെട്ടിനിറുത്തിയത് ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും കുടിവെള്ളം മുട്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Exit mobile version