Pravasimalayaly

കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം, കേന്ദ്രത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹര്‍ജി പിന്‍വലിച്ചാല്‍ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിയിരുന്നു. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌ന പരിഹാരമായിരുന്നില്ല.അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശന്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. സ്പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ നല്‍കിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

Exit mobile version