കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും. ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആര്‍ സജിയുടെ മൊഴിയും സംഘം രേഖപ്പെടുത്തും. മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകള്‍ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കും. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ആത്മഹത്യത്തെക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന മൂന്നുപേര്‍ക്കെതിരെയും ആരോപണം കടുപ്പിക്കുകയാണ് സാബു തോമസിന്റെ കുടുംബവും. ഒന്നരവര്‍ഷം സാബുവും താനും അനുഭവിക്കേണ്ടിവന്ന യാതനകള്‍ പോലീസിനോട് പറഞ്ഞുവെന്ന് മേരിക്കുട്ടി വ്യക്തമാക്കി. ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ ബാങ്ക് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
അതേസമയം, ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബാങ്ക് പ്രസിഡണ്ട് എം ജെ വര്‍ഗീസ്. ആരോപണ വിധേയരാണെങ്കിലും ജീവനക്കാര്‍ക്കെതിരെ ഉടനെ നടപടി ഉണ്ടാവില്ല. വൈകിയാണെങ്കിലും സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന്‍ വി ആര്‍ സജിയുടെ ഭീഷണിയേ തള്ളിപ്പറഞ്ഞില്ല.