Pravasimalayaly

കട്ടപ്പന ഇരട്ടക്കൊലപാതകം: കുറ്റസമ്മതം നടത്തി നിതീഷ്, ഇന്ന് നിര്‍ണായക നീക്കങ്ങള്‍, വീടിന്റെ തറ പൊളിച്ച് പരിശോധന

ഇടുക്കി: കട്ടപ്പനയില്‍ വിജയന്‍ എന്നയാളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിലെ മുഖ്യപ്രതിയായ നിതീഷുമായി കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചാണ് പരിശോധന നടത്തുക. സുഹൃത്തായ വിഷ്ണുവിന്റെ പിതാവ് വിജയനെ 2023ല്‍ കൊലപ്പെടുത്തി ഇവിടെ കുഴിച്ച് മൂടിയെന്നാണ് നിതീഷ് മൊഴി നല്‍കിയത്. വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരും ആര്‍ഡിഒയും സ്ഥലത്തെത്തും.2016ല്‍ കട്ടപ്പനയിലെ വീട്ടില്‍ വച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതകമാണോ ഇതെന്നും പരിശോധിക്കും. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തും പരിശോധന നടത്തിയേക്കും.അതേസമയം, വിജയനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് താനാണെന്ന് നിതീഷിന്റെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന നിതീഷിനെ ഇന്നലെ ഉച്ചക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. തുടര്‍ന്ന് ഇടുക്കി എസ്പി ടികെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് മോഷണക്കേസില്‍ ഒപ്പം പിടിയിലായ വിഷ്ണുവിന്റെ പിതാവായ വിജയനെയും വിഷ്ണുവിന്റെ സഹോദരിയും താനുമായുള്ള ബന്ധത്തില്‍ ജനിച്ച നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിനുള്ളില്‍ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞത്.2016ലാണ് നിതീഷ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത്. വിജയന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് മൊഴി. മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിനു സമീപമാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. ഗന്ധര്‍വന് നല്‍കാനെന്ന പേരിലാണ്അ

മ്മയുടെ പക്കല്‍ നിന്നും കുട്ടിയെ വാങ്ങിയത്. വിഷ്ണുവിനും കുടുംബത്തോടും ഒപ്പം താമസം ആരംഭിച്ചതിന് ശേഷം വിഷ്ണുവിന്റെ സഹോദരിയുമായി നിതീഷ് അടുപ്പത്തിലായിരുന്നു. വിവാഹത്തിനു മുമ്പ് കുഞ്ഞുണ്ടായതിനാലാണ് കൊലപ്പെടുത്തിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.എട്ടു മാസം മുന്‍പാണ് വിജയനെ കൊലപ്പെടുത്തി കക്കാട്ടുകടയിലെ വീട്ടിനുള്ളില്‍ കുഴിച്ചു മൂടിയത്. അസുഖങ്ങള്‍ മൂലം വിജയന്‍ പണിക്ക് പോകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ചുറ്റിക കൊണ്ടു തലക്കടിച്ചാണ് നിതീഷ് വിജയനെ കൊലപ്പെടുത്തിയത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതാണ് ഇവര്‍ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീട്. എട്ടു മാസം മുന്‍പാണ് ഇവര്‍ ഈ വീട് വാടകക്ക് എടുത്തത്. വീട്ടിലുണ്ടായിരുന്ന വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പുറത്ത് കണ്ടിട്ടില്ലെന്ന് അയല്‍വാസികളും പറഞ്ഞു.അതേസമയം, മോഷണശ്രമത്തിനിടെ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിഷ്ണുവിനെ ആശുപത്രി വിട്ട ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്ന അന്വേഷണസംഘം അറിയിച്ചു.
Exit mobile version