Pravasimalayaly

‘കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍’; വിവാദ പരാമര്‍ശവുമായി ബിഷപ്പ് പ്ലാംപാനി

കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനി. കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍. പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന് ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം യുവജനദിനാഘോഷ വേദിയിലാണ് ബിഷപ്പിന്റെ വിവാദ പരാമര്‍ശം.

‘രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാര്‍.
സത്യത്തിനും നന്‍മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് അപ്പോസ്തലന്‍മാര്‍. ഈ പന്ത്രണ്ട് അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വമെന്നും’ ബിഷപ്പ് പ്ലാംപാനി പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരെടുത്തു പറയാതെയാണ് മാർ പാംപ്ലാനി രക്തസാക്ഷികളുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്. നേരത്തെ റബർ വിലയുമായി ബന്ധപ്പെട്ട് ബിഷപ്പ് ജോസഫ് പ്ലാംപാനി നടത്തിയ പരാമർശം വിവാദമായിരുന്നു. റബര്‍ വില 300 രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടത്.

Exit mobile version