Pravasimalayaly

കണ്ടെയ്‌നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍, ഞെട്ടിവിറച്ച് ബ്രിട്ടന്‍; ലോറി ഡ്രൈവര്‍ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിലെ എസക്സിൽ കണ്ടെയ്നർ ലോറിയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ 39 മൃതദേഹങ്ങൾ കണ്ടെത്തി. എസക്സിലെ വാട്ടേർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ ലോറി ഡ്രൈവറും വടക്കൻ അയർലൻഡ് സ്വദേശിയുമായ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം ലോറി പരിശോധിച്ചപ്പോൾ മൃതദേഹങ്ങൾ കണ്ടത്.

ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനിൽ പ്രവേശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മൃതദേഹം കണ്ടെത്തിയ എസക്സിൽനിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്. അയർലൻഡിൽനിന്നും ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്.

അതിദാരുണമായ സംഭവമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏറെ ശ്രമകരമാണെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഇൻഡസ്ട്രിയൽ പാർക്ക് താത്കാലികമായി അടച്ചു.

Exit mobile version