Pravasimalayaly

കണ്ണൂരില്‍ സിപിഎമ്മിനുള്ളില്‍ കലാപം ഗോവിന്ദനെതിരേ രൂക്ഷവിമര്‍ശനവുമായി ജയിംസ് മാത്യു

തിരുവനന്തപുരം: സിപിഎം കേരളഘടകത്തിന്റെ താക്കോല്‍ കണ്ണൂര്‍ ലോബിയുടെ കൈയിലെങ്കില്‍ ഇപ്പോള്‍ ആ ലോബിയില്‍ തന്നെ ചേരി തിരിവ് രൂക്ഷമാകുന്നു. ആന്തൂരിലെ പ്രവാസി വ്യവസായയുടെ ആത്മഹത്യയെ തുടര്‍ന്ന് രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം സലംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച് വ്യക്തമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നത്. ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട സംഭവത്തില്‍ എംവി ഗോവിന്ദന്‍ ഇടപെട്ടുവെന്ന ആരോപണം ജയിംസ് മാത്യു എംഎല്‍എ ഉന്നയിച്ചു. വ്യവസായിക്ക് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥലം എംഎല്‍എയായ താന്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു. അപ്പോഴത്തെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീലിനെ വിളിച്ച് ഇതേക്കുറിച്ച് താന്‍ പരാതി നല്‍കി. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ നഗരസഭാ സെക്രട്ടറി പികെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കെടി ജലീലിന്റെ പി.എയെ വിളിച്ച് സംസാരിച്ചു. ഇത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതിയോഗത്തില്‍ ചോദിച്ചു. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിച്ച സംഭവത്തില്‍ പികെ ശ്യാമള പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം എംവി ഗോവിന്ദന്‍ മാസ്റ്ററും ഇടപെട്ടു എന്ന ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു ഉന്നയിച്ചത്. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനോട് പ്രതികരിച്ചില്ല. വരും ദിവസങ്ങളല്‍ സിപിഎമ്മിനുള്ളില്‍ ആന്തൂരിലെ പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാകുമെന്ന സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നത്

Exit mobile version