Pravasimalayaly

കണ്ണൂരില്‍ സുധാകരന്‍തന്നെ മത്സരിച്ചേക്കും; ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചു

കണ്ണൂര്‍: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വീണ്ടും മത്സരിച്ചേക്കും. സുധാകരന് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംപിമാരും സ്ഥാനാര്‍ഥികളാകുമെന്ന് ഉറപ്പായി.ചില ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന നിലപാടിലായിരുന്നു സുധാകരന്‍. എന്നാല്‍, പാര്‍ട്ടിയില്‍ വിവിധ കോണുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സുധാകരന്‍ ഒടുവില്‍ വഴങ്ങിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.സിപിഎം പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മത്സരത്തിനിറക്കുന്ന സാഹചര്യത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിതന്നെ മണ്ഡലത്തില്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് തവണ മത്സരിച്ച സുധാകരന്‍ 2009-ലും 2019-ലും വിജയിച്ചു. 2014-ല്‍ പി.കെ.ശ്രീമതിയോട് പരാജയപ്പെട്ടു. 2019-ല്‍ ശ്രീമതിയെ തന്നെ പരാജയപ്പെടുത്തിയാണ് എംപിയായത്. 94559 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.2019-ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട ആലപ്പുഴയില്‍ മാത്രമാകും കോണ്‍ഗ്രസിന് ഇത്തവണ പുതിയ സ്ഥാനാര്‍ഥി വരിക.

Exit mobile version