Friday, November 15, 2024
HomeLatest Newsകണ്ണൂര്‍ വിമാനത്താവള റോഡ് വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും

കണ്ണൂര്‍ വിമാനത്താവള റോഡ് വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും

കണ്ണൂര്‍ : അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. അലൈന്‍മെന്റ് തീരുമാനിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ഇതിനായി പ്രാദേശികതലത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്താന്‍ കണ്ണൂര്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ആറു റോഡുകളാണ് വികസിപ്പിക്കുന്നത്. ഇതില്‍ മൂന്നു റോഡുകളുടെ പദ്ധതിരേഖ തയ്യാറാക്കാന്‍ ഐ-ഡെക്ക് എന്ന സ്ഥാപനത്തെ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തിരം കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട ദേശീയപാതയായതിനാല്‍ രണ്ടെണ്ണം പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗവും ഒന്ന് കിഫ്ബി വഴിയുമാണ് നിര്‍മിക്കുന്നത്. തലശ്ശേരി – കൊടുവള്ളി – അഞ്ചരക്കണ്ടി – മട്ടന്നൂര്‍ – റോഡിന്റെ അലൈന്‍മെന്റ് നേരത്തെ തീരുമാനമായി കഴിഞ്ഞു. ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയം കഴിഞ്ഞ് ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള ഭരണാനുമതി നല്‍കിയിട്ടുമുണ്ട്. രണ്ടാമത്തെ റോഡായ കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂര്‍-മേക്കുന്ന്-പാനൂര്‍-പൂക്കോട്- കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനാവശ്യമായ വിവരശേഖരണം കണ്‍സള്‍ട്ടന്‍സി നടത്തിയിട്ടുണ്ട്. മാനന്തവാടി-ബോയ്സ് ടൗണ്‍- പേരാവൂര്‍-ശിവപുരം- മട്ടന്നൂര്‍ റോഡ് കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ കൂടി കടന്നുപോകുന്നതിനാല്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനും സര്‍വ്വേ ചെയ്യുന്നതിനും വനം വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും കണ്‍സള്‍ട്ടന്‍സിയുടെയും സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ഈ മൂന്നു റോഡുകളുടെയും ഡിപിആര്‍ തയ്യാറാക്കുന്നതിന് ട്രാഫിക് പഠനവും അലൈന്‍മെന്റ് സര്‍വ്വേയും നടത്തിയിട്ടുണ്ട്. വനമേഖലയില്‍ രണ്ടുവരി പാതയാണ് നിര്‍മിക്കുക. കൂട്ടുപുഴ പാലം – ഇരിട്ടി – മട്ടന്നൂര്‍ – വായന്തോട് റോഡ് നിര്‍ദ്ദിഷ്ട ദേശീയപാതയാണ്. ഇതിന്റെ പ്രവൃത്തി കെ.എസ്.ടി.പിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഒക്ടോബര്‍ 30-തിനകം പണി പൂര്‍ത്തിയാക്കാനാവും. മേലെ ചൊവ്വ – ചാലോട് – വായന്തോട് – മട്ടന്നൂര്‍ – എയര്‍പോര്‍ട്ട് റോഡിന്റെ ഡി.പി.ആര്‍ തയ്യാറാക്കാനാവശ്യമായ വിവരശേഖരണം ദേശീയപാതാ വിഭാഗം ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് – ചൊറുക്കള – നണിച്ചേരിക്കടവ് പാലം – മയ്യില്‍ – ചാലോട് റോഡ് കിഫ്ബിയുടെ അനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സണ്ണി ജോസഫ് എം.എല്‍.എ, ചീഫ് സെക്രട്ടറി ടോം ജോസ്,ധനാകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments