Pravasimalayaly

കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പന്‍,നിരോധനാജ്ഞ; തമിഴ്നാടിന്റെ ദൗത്യം നാളെ

കമ്പം: തമിഴ്‌നാട് കമ്പത്തെ വിറപ്പിച്ച് ജനവാസമേഖലയില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. നാളെ അതിരാവിലെയാണ് ദൗത്യം. ഇതേതുടര്‍ന്ന് കമ്പം മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആകാശത്തേക്ക് വെടിവച്ചതിനെ തുടര്‍ന്ന് വിരണ്ടോടിയ ആന കമ്പത്തെ തെങ്ങിന്‍ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.

ദൗത്യം തുടരും വരെ സുരക്ഷിതമായ സ്ഥലത്ത് അരിക്കൊമ്പനെ നിര്‍ത്താനുള്ള തമിഴ്‌നാട് വനം വകുപ്പും പൊലീസും ചേര്‍ന്ന് നടത്തുന്നത്. വൈകീട്ടോടെ ആനമലയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെ എത്തിക്കും. പിടികൂടിയ ശേഷം ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളില്‍ വിടാനാണ് ഉത്തരവ്.

രാവിലെ കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയ ആള്‍ക്കാണ് വീണു പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷികമേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കാര്‍ഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.

കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ദീര്‍ഘദൂരം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയത്.

Exit mobile version