ഇന്ന് കര്‍ക്കിടകം ഒന്ന്. ഹിന്ദുമത വിശ്വാസികള്‍ കര്‍ക്കിടക മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും ഇനി രാമായണശീലുകള്‍ നിറയും.ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദ ചികിത്സയും കര്‍ക്കിടക മാസത്തിലാണ് നടത്തുന്നത്.
പഞ്ഞമാസമെന്നായിരുന്നു കര്‍ക്കിടകത്തിന്റെ വിളിപ്പേര്. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കിടകത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കിടകത്തെ പഞ്ഞമാസം, കള്ളക്കര്‍ക്കിടകം എന്നിങ്ങനെ വിളിച്ചുതുടങ്ങിയത്. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണത്തിനുള്ള മാസമായി കര്‍ക്കിടകത്തെ മാറ്റിവച്ചത്.
മനസിന്റെ പ്രശാന്തതയ്ക്കും ആത്മനവീകരണത്തിനും മാര്‍ഗ്ഗമായാണ് രാമായണ പാരായണം നിര്‍ദേശിക്കപ്പെടുന്നത്. ക്ലേശങ്ങള്‍ നിറഞ്ഞ കര്‍ക്കടകത്തില്‍ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യമാര്‍ പറയുന്നു.
സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതവും മാനുഷിക വികാരങ്ങളുമാണ് രാമന്റെ ജീവിതത്തിലൂടെ രാമായണം ആവിഷ്‌കരിക്കുന്നത്. കര്‍ക്കിടമാസത്തിലെ കറുത്തവാവിന് ഏറെ പ്രാധാന്യമുണ്ട്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണിതെന്നാണ് സങ്കല്പം. തോരാ മഴയുടെ കാലം കൂടിയാണ് കര്‍ക്കിടകം.വിളവെടുപ്പിന് കാത്തിരിക്കുന്ന കര്‍ഷകരുടെ പ്രതീക്ഷ ഇനിയുള്ള ദിവസങ്ങളിലെ മഴയിലാണ്. വറുതിയുടെ കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെ കാത്തിരിക്കുന്നത് സമൃദ്ധിയുടെ ഓണക്കാലമാണ്.