Pravasimalayaly

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം;  ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളില്‍ മുന്നില്‍


ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 137 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 68 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 17 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു. 

ആദ്യ അരമണിക്കൂറില്‍ ബിജെപിയാണ് ലീഡ് ചെയ്തതെങ്കിലും പിന്നീട് കോണ്‍ഗ്രസ് മുന്നേറുന്ന സ്ഥിതിവിശേഷമാണുള്ളത്. എക്‌സിറ്റുപോളുകള്‍ ശരിവെക്കുന്ന നിലയിലാണ് നിലവിലത്തെ സാഹചര്യം. ഈ മുന്നേറ്റം തുടരാനായാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഫലസൂചകങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്.

224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.224 അം?ഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

Exit mobile version