Pravasimalayaly

‘കര്‍ണാടകയുടെ സുരക്ഷിത ഭാവിയും ജനക്ഷേമത്തിനുമാണ് മുന്‍ഗണന’; ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് ഡികെ ശിവകുമാര്‍ 

ന്യൂഡല്‍ഹി; കര്‍ണാടകയുടെ സുരക്ഷിത ഭാവിയും ജനങ്ങളുടെ ക്ഷേമത്തിനുമാണ് മുഖ്യ പ്രാധാന്യമെന്ന് ഡികെ ശിവകുമാര്‍. അത് ഉറപ്പു നല്‍കുന്നതില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നും ശിവകുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കര്‍ണാടകയിലെ മുഖ്യമന്ത്രി പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു ഡികെയുടെ പ്രസ്താവന. 

എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. തങ്ങള്‍ അത് അംഗീകരിച്ചു. ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കിയതില്‍, തങ്ങള്‍ തീര്‍ച്ചയായും സന്തുഷ്ടരാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതാണ് മുഖ്യലക്ഷ്യമെന്നും ശിവകുമാര്‍ പറഞ്ഞു. 

താനെന്തിന് നിരാശനാകണം? ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടകയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി ആകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.  

Exit mobile version