Pravasimalayaly

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വയനാട് ഉപതെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ നിലപാട് ഇന്നറിയാം

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ 11.30 ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയേക്കും. 

കര്‍ണാടകയില്‍ മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്. 

അധികാരം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75 ഉം, ജെഡിഎസിന് 28 എംഎല്‍എമാരുമാണുള്ളത്. 

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. അപകീര്‍ത്തി കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Exit mobile version