Pravasimalayaly

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന്

വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ നാടകീയമായി രാജിവെച്ചതിന് ശേഷം അധികാരത്തിലെത്തിയ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യ പരീക്ഷണമാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പ്. ആദ്യം സ്പീക്കര്‍ തെരഞ്ഞെടുപ്പായിരിക്കും നടക്കുക. കോണ്‍ഗ്രസിന്റെ രമേശ് കുമാറും ബി.ജെ.പിയുടെ എസ് സുരേഷ് കുമാറുമാണ് മത്സര രംഗത്തുള്ളത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പിന് കാര്‍മികത്വം വഹിക്കും.

221 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 111 പേരുടെ പിന്തുണയാണ്. കോണ്‍ഗ്രസിന്റെ 78ഉം ജെ.ഡി.എസിന്റെ 37ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 117 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ കോണ്‍ഗ്രസ്  ജെ.ഡി.എസ് സര്‍ക്കാരിനുള്ളത്. ഈ പിന്തുണ പൂര്‍ണ്ണമായി വിശ്വാസ വോട്ടെടുപ്പിന് അനുകൂലമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ബി.ജെ.പിയുടെ എല്ലാ കുതിരക്കച്ചവട ശ്രമങ്ങളെയും പരാജയപ്പെടുത്തി യെദ്യൂരപ്പയെ രാജിവെപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ജെ.ഡി.എസും.

ബി.ജെ.പിയുടെ പ്രലോഭന ശ്രമങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലില്‍ എം.എല്‍.എമാര്‍ കഴിഞ്ഞ അഞ്ച് ദിവസമായി നഗരത്തിലെ റിസോര്‍ട്ടുകളില്‍ തന്നെയാണ് കഴിയുന്നത്. ഉച്ചക്ക് 12 മണിയോടെ ഇവരെ പ്രത്യേക ബസ്സില്‍ സഭയില്‍ എത്തിക്കും.

Exit mobile version