തൊടുപുഴ: ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശുവിനെ കൊന്നത് വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനും മാലതിക്കും ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കമിതാക്കളായ ഇരുവരുടെയും വിവാഹം അടുത്തമാസം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിന് മുന്‍പ് കുഞ്ഞ് ജനിച്ചു എന്ന് അറിഞ്ഞാല്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്ന് സാധുറാം മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
ഇരുവര്‍ക്കും ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കൂടെ ജോലി ചെയ്യുന്ന മറ്റൊരു അതിഥി തൊഴിലാളിയുടെ വീട്ടിലെ ബാത്ത്‌റൂമാണ് ഉപയോഗിക്കുന്നത്. ഇവിടെ വച്ചായിരുന്നു പ്രസവം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്.
പിറ്റേന്ന് പതിവായി ജോലി നല്‍കുന്നയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഇരുവരും കരയുന്നതാണ് കണ്ടത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ എത്തിച്ച് പരിശോധിച്ചു. പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഡോക്ടറാണ് കൊലപാതകം സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് വര്‍ഷം മുന്‍പാണ് സാധുറാം ജോലി അന്വേഷിച്ച് കമ്പംമെട്ടില്‍ എത്തിയത്. പിന്നീടാണ് മാലതിയെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. അടുത്ത മാസം കല്യാണം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമാണ് നാട്ടുകാര്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു.