Pravasimalayaly

കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചനെ ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി; പിഴ ഒഴിവാക്കി

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ ജയിൽ മോചിതനാക്കാൻ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യാജ മദ്യം തടയാൻ കഴിയാത്ത സർക്കാരിന് ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകി കൂടെയെന്ന് കോടതി വാക്കാൽ ആരാഞ്ഞു.

കേസിലെ മറ്റ് രണ്ട് പ്രതികളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ പിഴ അടയ്ക്കാതെ ജയിൽ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാൾ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. വിനോദ് കുമാർ, മണികണ്ഠൻ എന്നിവർക്ക് പിഴ അടയ്ക്കാതെ മോചിപ്പിച്ചത് കൂടി കണക്കിലെടുത്ത് ആണ് മണിച്ചനെയും പിഴ അടയ്ക്കാതെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പിഴ

കല്ലുവാതുക്കൽ മദ്യ ദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതും, ആറ്റിങ്ങൽ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതും വിധികളുടെ അടിസ്ഥാനത്തിൽ മണിച്ചൻ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.

കേസിലെ പ്രതികൾക്ക് വിധിച്ച പിഴ സുപ്രീം കോടതി ശരിവച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാറിന്റെ സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി ഹമീദ് ചൂണ്ടിക്കാട്ടി. എന്നാൽ പിഴ നൽകാൻ പണമില്ലെങ്കിൽ എത്രകാലം ജയിലിൽ ഇടേണ്ടി വരുമെന്ന് കോടതി ആരാഞ്ഞു.

പിഴ തുക കേസിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ വ്യാജ മദ്യം തടയാൻ പരാജയപ്പെട്ടത് സർക്കാർ അല്ലേയെന്ന് കോടതി ആരാഞ്ഞു. അതിനാൽ ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകിക്കൂടെയെന്നും കോടതി വാക്കാൽ ആരാഞ്ഞു.

മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മേയ് 20-ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാൻ നൽകിയ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. കേസിലെ ഏഴാംപ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. പിഴത്തുക മദ്യദുരന്തക്കേസിലെ ഇരകൾക്ക് നൽകാനുള്ളതാണ്. എന്നാൽ പിഴയടയ്ക്കാൻ മണിച്ച തയ്യാറാകാതിരുന്നതോടെ മോചനം നീളുകയായിരുന്നു. മണിച്ചൻ പിഴയടയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരേ ഭാര്യ ഉഷ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.

മണിച്ചന്റെ ശിക്ഷയിൽ ജീവപര്യന്തം ഒഴിവാക്കിക്കൊടുത്തെങ്കിലും പിഴയൊടുക്കിയേ തീരൂവെന്നായിരുന്നു സർക്കാർ നിലപാട്. 2000 ഒക്ടോബറിൽ നടന്ന മദ്യദുരന്തത്തിൽ 31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാവുകയും 500 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു.

Exit mobile version