Pravasimalayaly

കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്,കാനത്തിന് പിന്നാലെ മാണിയെ തള്ളി ഡി.രാജ: കേരളകോണ്‍ഗ്രസ്സിന്റെ നില തുലാസില്‍

കൊച്ചി:കെ. എം. മാണിയുമായി ബന്ധം വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. മാണിയുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണ്. എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണി വേണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു

കേരള കോണ്‍ഗസ് എമ്മിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സിപിഐഎം, സിപിഐ കേന്ദ്ര നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിഷയം കേരളത്തില്‍ തന്നെ ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെയെന്ന് നേതാക്കള്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പു കണക്കിലെടുത്ത് കെ.എം.മാണിക്കെതിരെയുള്ള പരസ്യ വിമര്‍ശനമെങ്കിലും സിപിഐ ഒഴിവാക്കണമെന്ന് സിപിഐഎം നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ സാധ്യമല്ലെന്നാണ് സിപിഐ നേതാക്കള്‍ മറുപടി നല്‍കിയത്.

പൊളിറ്റ് ബ്യൂറോ (പിബി) നിര്‍ദേശപ്രകാരം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള (എസ്ആര്‍പി) എന്നിവര്‍ സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി, േദശീയ സെക്രട്ടറി ഡി.രാജ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തിയത്. സിപിഐഎം ആസ്ഥാനമായ എകെജി ഭവനിലായിരുന്നു ചര്‍ച്ച.

മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താനാവില്ലെന്നു സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ചര്‍ച്ചകൊണ്ടു കാര്യമില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് സിപിഐഎം നേതാക്കള്‍ സൂചിപ്പിച്ചു. മാണിയുടെ കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും നേരത്തേ പരസ്യമായി നിലപാടെടുത്തതാണ്. ഇപ്പോള്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പാണ് പ്രധാന വിഷയം. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തണമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ വിഷയം അവിടത്തെ നേതാക്കള്‍ ചര്‍ച്ച ചെയ്യട്ടെ ചര്‍ച്ചയ്ക്കുശേഷം എസ്ആര്‍പി പറഞ്ഞു. കേരളത്തിലെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാന്‍ സാധിക്കുന്നത് അവിടത്തെ നേതാക്കള്‍ക്കാണെന്ന് സുധാകര്‍ റെഡ്ഡിയും വിശദീകരിച്ചു.

Exit mobile version