കൊല്ലം : മുസ്ലിം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കാന്‍സര്‍ ജലദോഷത്തെക്കുറിച്ച് പറയുന്നത് പോലെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നെഹ്‌റുവിനെ ചത്തകുതിര എന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിന്റെ പിന്തുണ തേടേണ്ടി വന്നത് രാഹുല്‍ഗാന്ധിയുടെ ഗതികേടാണെന്നും എം എ ബേബി പറഞ്ഞു.
മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്നായിരുന്നു യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. ഈ വൈറസ് മൂലം രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും യോഗി ആദിത്യനാഥ് ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ വിമര്‍ശനം. വയനാട്ടില്‍ മുസ്ലിം ലീഗ് കൂടി ഉള്‍പ്പെടുന്ന മുന്നണിയുടെ ഭാഗമായാണ് രാഹുല്‍ മല്‍സരിക്കുന്നത്. ഇത് കണക്കിലെടുത്ത് ബിജെപിയും പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.