Pravasimalayaly

കായിക കേരളത്തിന്റെ കരുത്താകാൻ കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹൈ സ്കൂൾ കായിക വിദ്യാലയമായി ഉയർത്തണമെന്ന ആവശ്യം ശക്തം

അരനൂറ്റാണ്ടിന്റെ പ്രൗഡിയുമായി കാഞ്ഞിരത്താനം ഗ്രാമത്തിന്റെ മുഖമായി നിലകൊള്ളുന്ന കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹൈ സ്കൂളിനെ സ്പോർട്സ് സ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ മൈതാനവും അടിസ്‌ഥാന സൗകര്യങ്ങളുമുള്ള ഈ സ്കൂൾ കേരളത്തിന്റെ കായിക മുന്നേറ്റത്തിന് കരുത്താകുമെന്ന് അധ്യാപകരും വിദഗ്ധരും വിലയിരുത്തുന്നു. ഇതിൽ കായിക വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകുമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അറിയിച്ചു.

കുറുപ്പന്തറ,കോതനല്ലൂർ, മാഞ്ഞൂർ,മുട്ടുചിറ, തോട്ടുവ, കളത്തൂർ, കാടoകുഴി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും മൂവായിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂൾ ആണിത്. ഇവിടെ പഠിച്ചവരിൽ ഭൂരിഭാഗവും വിവിധ രാജ്യങ്ങളിലും മുൻനിര സ്‌ഥാപനങ്ങളിലും ഉയർന്ന ജോലിയിലും പദവിയിലും എത്തിയിട്ടുണ്ട്.

കായിക രംഗത്ത് നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ സമ്മാനിച്ച സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആയിരുന്ന പി കെ തോമസ്, കായിക അധ്യാപകനായിരുന്ന വി എൽ തോമസ് വാളാക്കുളം എന്നിവർ സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച അധ്യാപകരായിരുന്നു. ഇവരുടെ സംഭാവന സ്കൂളിന് വലിയ മുതൽക്കൂട്ടാണ്. ഇവർ പരിശീലിച്ച താരങ്ങൾ സൗദി അറേബ്യ,അമേരിക്ക,ഇംഗ്ളണ്ട്,ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ദുബായ്, ഖത്തർ, ബഹ്‌റൈൻ, കാനഡ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഈ അധ്യാപകരെ സ്മരിയ്ക്കുന്നു.

കാഞ്ഞിരത്താനത്തിന്റെ വികസനത്തിൽ വിസ്മരിയ്ക്കുവാൻ കഴിയാത്ത സാമൂഹ്യപ്രവർത്തകൻ എം കെ ജോസഫ് ആണ് അന്നത്തെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയിൽ നിന്നും സ്കൂളിന് അംഗീകാരം വാങ്ങിയെടുത്തത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി സഞ്ചരിച്ച വിമാനത്തിന്റെ എൻജിൻ തകരാറിലായപ്പോൾ ഗോതമ്പ് പാടത്ത് വിമാനം ഇടിച്ചിറക്കി അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ച വ്യോമസേനാ വൈമാനികൻ സ്വകാഡ്രൺ ലീഡർ മാത്യു സിറിയക്, പദ്മശ്രീ സിസ്റ്റർ സുധ വര്ഗീസ്, നാട്ടിലെ ആദ്യ ഐ എ എസ് ഷെവലിയാർ സിറിയക്, കവി ഉണികൃഷ്‍ണൻ കാഞ്ഞിരത്താനം വാഗ്മി ഡോ കുര്യാസ് കുമ്പളക്കുഴി, ജീവകാരുണ്യ രംഗത്ത് പ്രശസ്തരായ വ്യവസായ പ്രമുഖർ പി എം സെബാസ്റ്റ്യൻ(ചെയർമാൻ ലെയ്ഷോർ ഹോസ്പിറ്റൽ, വെൽ കെയർ ഹോസ്പിറ്റൽ ഉടമ) ടോമി വെങ്ങിണിക്കൽ കാഞ്ഞിരത്താനം തുടങ്ങിയ മഹദ് വ്യക്തിത്വങ്ങൾ ഈ സ്കൂളുമായി ചേർന്ന് നിൽക്കുന്നവരാണ്.

എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ അധികാരികൾ അവഗണിച്ചതോടെ കാര്യമായ വികസനം നേടാൻ സ്കൂളിന് കഴിഞ്ഞില്ല. സമീപ പ്രദേശങ്ങളിലെ സ്കൂളുകളും സ്‌ഥാപനങ്ങളും ബഹുനില കെട്ടിടങ്ങളായി ഉയർന്നപ്പോൾ ഓരോ കാഞ്ഞിരത്താനംകാരന്റെയും ബാല്യ കാല സ്മാരണകളിലെ ഓർമ്മ പുസ്തകങ്ങളിൽ ഹൃദ്യമായി നിലകൊള്ളുന സെന്റ് ജോൺസ് സ്കൂളിന് അധികാരികളുടെ അനാസ്‌ഥ മൂലം ഉയരാൻ കഴിഞ്ഞില്ല.

കേരളത്തിന്റെ കായിക കുതിപ്പിന് സാരഥ്യം വഹിക്കാൻ സെന്റ് ജോൺസ് സ്കൂളിന് കഴിയുമെന്നത് ഏവരും അടിവരയിടുന്നു. അധികാരികളുടെ പരിഗണന ലഭിച്ചാൽ നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്യുവാൻ സ്കൂളിന് കഴിയുമെന്നാണ് അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതീക്ഷ

സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് ആൻഡ്രൂസ്
Exit mobile version