കാവി ഭീകരത എന്ന ഒന്നില്ല; കോണ്‍ഗ്രസ് അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി വക്താവ്

0
49

ന്യൂഡല്‍ഹി: കാവി ഭീകരത എന്നൊന്ന് ഇല്ലെന്നും പാര്‍ട്ടി ഒരിക്കലും അത്തരമൊരു പ്രയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും പാര്‍ട്ടി നേതാക്കളോ ഒരിടത്തും കാവി ഭീകരത എന്ന പ്രയോഗം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പിഎല്‍ പുനിയ പറഞ്ഞു. മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട എന്‍ഐഎ കോടതി വിധിക്കു പിന്നാലെയാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം.

ന്യൂനപക്ഷങ്ങളുടെ വോട്ടു കിട്ടുന്നതിന് ഭൂരിപക്ഷ മതത്തെ താറടിച്ചു കാണിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. മക്ക മസ്ജിദ് സ്‌ഫോടനം ഉള്‍പ്പെടെയുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ ആക്ഷേപം. ഇതിനു പ്രതികരണമായാണ് കാവി ഭീകരത എന്നൊന്ന് ഇല്ലെന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് വക്താവ് രംഗത്തുവന്നിരിക്കുന്നത്.

ഭീകരതയ്ക്ക് ഏതെങ്കിലും മതവുമായോ സമുദായവുമായോ ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് പുനിയ പറഞ്ഞു. കാവി ഭീകരത എന്നൊന്നില്ല. രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ അത്തരമൊരു പ്രയോഗം നടത്തിയതിന്റെ വിഡിയോ ക്ലിപ്പോ ശബ്ദ ശകലമോ ഹാജാക്കാനാവുമോയെന്ന് പുനിയ ചോദിച്ചു.

ആളുകളുടെ ക്രിമിനല്‍ മനസ്സാണ് കുറ്റകൃത്യങ്ങളുണ്ടാക്കുന്നത്. അതിന് മതമോ സമുദായമോ ആയി ബന്ധമൊന്നുമില്ല. കോണ്‍ഗ്രസ് അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു എന്നത് തെറ്റായ ആക്ഷേപമാണ്. മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ വിശദമായ വിധിന്യായം പരിശോധിച്ചതിനു ശേഷം അഭിപ്രായം പറയുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പുനിയ പറഞ്ഞു.

അതേസമയം മക്ക മസ്ജിദ് സ്‌ഫോടന കേസ് വിധി സംശയകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ കേസിലും പ്രതികള്‍ കുറ്റവിമുക്തരാവുമ്പോള്‍ അന്വേഷണ ഏജന്‍സികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply