Pravasimalayaly

കാവേരി വിഷയത്തില്‍ പ്രതിഷേധം ആളിപടരുന്നു; നരേന്ദ്ര മോദിയെ പ്രതിഷേധക്കാര്‍ വരവേറ്റത് കറുത്ത ബലൂണ്‍ പറത്തി

ചെന്നൈയില്‍ ഡിഫന്‍സ് എകസ്‌പോ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ പ്രതിഷേധം. വിമാനത്താവളത്തിനു മുമ്പിലാണ് പ്രതിഷേധക്കാര്‍ സംഘടിച്ച് എത്തിയത്. ഇവര്‍ കറുത്ത ബലൂണുകള്‍ പ്രതിഷേധ സൂചകമായി ആകാശത്തേക്ക് പറത്തി. കരിങ്കൊടികളുമായി വന്ന ഇവരെ പോലീസ് തടഞ്ഞു. നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

പറത്താനായി കൊണ്ടുവന്ന കറുത്ത ഹൈട്രജന്‍ ബലൂണുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സൂചികൊണ്ട് കുത്തിപ്പൊട്ടിക്കുന്നതിന്‍റെ രസകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

11 മണി മുതല്‍ മൂന്നു മണി വരെ ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം സുരക്ഷ മുന്‍ നിര്‍ത്തി പോലീസ് അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ എത്തുന്നത് തടയാനാണിത്. പ്രതിഷേധക്കാര്‍ ചെന്നൈ പട്ടണത്തിന്‍റെ പലഭാഗത്തും നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ റോഡില്‍ ഇറങ്ങാതെ ആകാശമാര്‍ഗം ഹെലികോപ്റ്ററിലാണ് മോദി യാത്ര ചെയ്തത്.

ഡിഫന്‍സ് എക്‌സപോ ഉദ്ഘാടനം ചെയ്ത ശേഷം മോദി ചെന്നൈയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വജ്ര ജൂബിലി ആഘോഷത്തിലും പങ്കെടുക്കും

ഭാരതിരാജ അടക്കമുള്ള സംവിധായകരും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നേരെത്ത തന്നെ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് ഡിഎംകെ അറിയിച്ചിരുന്നു. ഇതു കാരണം നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധക്കാരെ ഭയന്ന് ഹെലിക്കോപ്റ്ററില്‍ പോയ മോദിയെ ഭീരു എന്നാണ് പിഎംകെ നേതാവ് വൈക്കോ വിളിച്ചത്.

Exit mobile version